സുഡാനിൽ സംഘർഷം;168 പേർ കൊല്ലപ്പെട്ടു

സുഡാനില്‍ ഈയടുത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്

സുഡാനിൽ സംഘർഷം;168 പേർ കൊല്ലപ്പെട്ടു

സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫുറിലെ ക്രിനിക് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ 168 പേര്‍ കൊല്ലപ്പെട്ടു.98 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുഡാനില്‍ ഈയടുത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്രിനിക്കില്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടു പേരെ കൊലപ്പെടുത്തി എന്നാരോപിച്ച്‌ ചിലര്‍ അറബ് ഇതര ന്യൂനപക്ഷ വിഭാഗമായ മസാലിറ്റുകളുടെ ഗ്രാമങ്ങള്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷം അതിരൂക്ഷമായത്. അറബ് ജഞ്ചവീദ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

ഐക്യരാഷ്ട്രസഭ സുഡാനില്‍ നടന്ന ആക്രമണത്തെ അപലപിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നടക്കുന്ന പോരാട്ടങ്ങള്‍ തടയാന്‍ പ്രാദേശിക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്ന് മുന്‍ മെഡിക്കല്‍ ഡയറക്ടര്‍ സലാ സാലിഹ് വ്യക്തമാക്കി.

അറബ് ജഞ്ചവീദ് പൗരസേനയാണ് ന്യൂനപക്ഷ വിപ്ലവ സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്നത്. രണ്ടായിരത്തി മൂന്നില്‍, ആഭ്യന്തര യുദ്ധമുണ്ടായതിനു ശേഷം ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള നിരവധി സംഘര്‍ഷങ്ങള്‍ ഡാര്‍ഫുറില്‍ ഉണ്ടായിട്ടുണ്ട്.