വന്‍ നേട്ടവുമായി പൊതുമേഖല സ്ഥാപനങ്ങള്‍; പ്രവര്‍ത്തന ലാഭത്തില്‍ 245.62 % വര്‍ധനവ്.

വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2021 -22 സാമ്പത്തിക വര്‍ഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയെന്ന് മന്ത്രി പി രാജീവ്.

വന്‍ നേട്ടവുമായി പൊതുമേഖല സ്ഥാപനങ്ങള്‍; പ്രവര്‍ത്തന ലാഭത്തില്‍ 245.62 % വര്‍ധനവ്.

വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2021 -22 സാമ്പത്തിക വര്‍ഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയെന്ന് മന്ത്രി പി രാജീവ്. 2020 - 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ 562.69 കോടി രൂപയുടെ വര്‍ധനവാണ് വിറ്റുവരവില്‍ ഉണ്ടായത്. ഈ സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 384.60 കോടി രൂപയാണ്. പ്രവര്‍ത്തന ലാഭത്തില്‍ 273.38 കോടി രൂപയുടെ വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 245.62 ശതമാനത്തിന്റെ വര്‍ധനവാണിതെന്നും മന്ത്രി അറിയിച്ചു.

41 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 20 കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭത്തിലായി. അതിനു തൊട്ടുമുന്‍പുള്ള വര്‍ഷം 16 കമ്പനികളായിരുന്നു ലാഭം രേഖപ്പെടുത്തിയത്. പുതുതായി 4 കമ്പനികള്‍ കൂടി ലാഭത്തില്‍ എത്തി. വിറ്റുവരവ്, പ്രവര്‍ത്തനലാഭം എന്നീ മേഖലകളില്‍ അഞ്ച് കമ്പനികളുടേത് സര്‍വ്വകാല റെക്കോര്‍ഡ് ആണ്. ചവറ കെ.എം.എം.എല്‍ ആണ് വിറ്റുവരവിലും പ്രവര്‍ത്തന ലാഭത്തിലും ഏറ്റവും മുന്നില്‍. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കെ.എം.എം.എല്‍ നേടി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സംസ്ഥാന ചരിത്രത്തില്‍ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭവുമാണിത്.

11 കമ്പനികള്‍ 10 വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കെല്‍ട്രോണ്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കെല്‍ട്രോണ്‍ കംപോണന്റ് എന്നിവ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. മലപ്പുറം സ്പിന്നിംഗ് മില്‍, സ്റ്റീല്‍ ഇഡസ്ട്രീസ് കേരള, കാഡ്കോ, പ്രിയദര്‍ശിനി സ്പിന്നിംഗ് മില്‍, കേരളാ സിറാമിക്സ്, ക്ലേയ്സ് ആന്റ് സിറാമിക്സ്, കെ.കരുണാകരന്‍ സ്മാരക സ്പിന്നിംഗ് മില്‍, മലബാര്‍ ടെക്സ്റ്റൈല്‍സ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ചവച്ചു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ചരിത്രത്തിലാദ്യമായി മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി. സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളം ഏറ്റെടുത്ത് പുന:സംഘടിപ്പിച്ചത് മറ്റൊരു സുപ്രധാന നേട്ടമാണ്. കാസര്‍കോട് കെല്‍ ഇ എം എല്‍ കഴിഞ്ഞ ദിവസം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ എച്ച്‌.എന്‍.എല്‍ കേരളം ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച്‌ കെ.പി.പി.എല്‍, കേരളാ റബ്ബര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പൊതു മേഖലയെ സംരക്ഷിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്ക് കരുത്ത് പകരുന്നതാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നേട്ടമെന്നും മന്ത്രി പറഞ്ഞു.