ഓസ്‌ക്കര്‍ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി

അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി കൈക്കൊണ്ടത്.

ഓസ്‌ക്കര്‍ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി

ലോസ് ആഞ്ജലീസ്: ഓസ്‌ക്കര്‍ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടും മുന്‍പാണ് സ്മിത്തിനെതിരായ നടപടി. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി കൈക്കൊണ്ടത്. എന്നാല്‍, സ്മിത്ത് നേരത്തെ തന്നെ അക്കാദമിയില്‍ നിന്ന് രാജിവച്ചിരുന്നു.

റോക്ക്സിന്റെയും സ്മിത്തിന്റെയും ഈ പ്രവൃത്തിമൂലം ഇത്തവണത്തെ അക്കാദമി അവാര്‍ഡ്ദാന ചടങ്ങ് പൂര്‍ണമായും നിറംകെട്ടുപോയി. അവാര്‍ഡുകള്‍ക്കും അഭിനേതാക്കളുടെ പ്രകടനത്തിനും പകരം ദൗര്‍ബാഗ്യകരമായ ഈ സംഭവമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. വില്‍ സ്മിത്തിന്റെ ഓസ്‌ക്കര്‍ തിരികെ വാങ്ങണമെന്ന തരത്തിലുള്ള ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ വേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്.

സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവരടക്കമുള്ള ബോര്‍ഡംഗങ്ങള്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് സ്മിത്തിനെതിരേ നടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചത്. ഏപ്രില്‍ എട്ട് മുതലാണ് സ്മിത്തിനെതരായ നടപടി പ്രാബല്യത്തില്‍ വരിക. ഓസ്‌ക്കര്‍ അവാര്‍ഡ് നേടാന്‍ അഭിനേതാക്കള്‍ അക്കാദമി അംഗങ്ങള്‍ ആവണമെന്നില്ല. എന്നാല്‍, അക്കാദമി അംഗങ്ങള്‍ക്ക് മാത്രമാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമുള്ളൂ.