ഉദ്യോഗസ്ഥ ലീവെടുത്തതിൻ്റെ പേരില്‍ സസ്‌പെന്‍ഷനെന്ന് ആരോപണം ; വീണ്ടും ഏറ്റുമുട്ടി കെ.എസ്‌.ഇ.ബി ചെയർമാനും ഇടതുസംഘടനയും

കെ.എസ്‌.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ എക്‌സിക്യുട്ടീവ് എൻജിനീയര്‍ സസ്‌പെന്‍ഷനില്‍ ആയതോടെയാണ് ഏറ്റുമുട്ടല്‍ പുനരാരംഭിച്ചത്

ഉദ്യോഗസ്ഥ ലീവെടുത്തതിൻ്റെ പേരില്‍ സസ്‌പെന്‍ഷനെന്ന് ആരോപണം ; വീണ്ടും ഏറ്റുമുട്ടി കെ.എസ്‌.ഇ.ബി ചെയർമാനും ഇടതുസംഘടനയും

തിരുവനന്തപുരം : ഇടത് അനുകൂല സംഘടനയും കെ.എസ്‌.ഇ.ബി ചെയർമാൻ ഡോ. ബി അശോകും തമ്മില്‍ പരസ്യ പോര് വീണ്ടും സജീവമാകുന്നു. ഉദ്യോഗസ്ഥ ലീവെടുത്തതിൻ്റെ പേരിൽ ചെയർമാൻ സസ്പെൻഡ് ചെയ്‌തുവെന്നാരോപിച്ചാണ് വീണ്ടും പോർമുഖം തുറക്കുന്നത്. ബി അശോകിനെതിരെ ഓഫിസേഴ്‌സ് അസോസിയേഷൻ വന്‍ ആരോപണമാണ് ഉന്നയിക്കുന്നത്.

വൈദ്യുതി ബോർഡിലെ സി.പി.എം അനുകൂല ഓഫിസർമാരുടെ സംഘടനയായ കെ.എസ്‌.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ എക്‌സിക്യുട്ടീവ് എൻജിനീയറാണ് സസ്‌പെന്‍ഷനിലായത്. മാർച്ച് 22 ന് ബോർഡിലെ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയറായ ജാസ്‌മിന്‍ ബാനു നടപടി ക്രമങ്ങൾ പാലിച്ചാണ് അവധിയെടുത്തത്. എന്നാല്‍, അവർ ഓഫിസേഴ്‌സ് അസോസിയേഷൻ്റെ അംഗമായതുകൊണ്ട് മാത്രം മുൻകൂട്ടി അറിയിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നു എന്ന് ചൂണ്ടിക്കാട്ടി ചെയർമാൻ സസ്പെൻഡ്‌ ചെയ്‌തുവെന്നാണ് ആരോപണം.

അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.ജി സുരേഷ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആരോപിച്ചത്. സസ്പെൻഷൻ നടപടി സർവീസ് ചട്ടലംഘനമെന്ന് ഇടത് യൂണിയൻ ചൂണ്ടിക്കാട്ടി. ചെയർമാൻ്റെ നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈദ്യുതി ഭവന് മുന്‍പില്‍ സൂചനപണിമുടക്കും സത്യഗ്രഹവും നടത്തും. അതേസമയം, സത്യഗ്രഹ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ബോർഡ് ഡയസ്നോൺ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ ചെയർമാൻ തുടരെ റിവ്യൂ മീറ്റിങ് വിളിച്ചു. ഇത് ശരിയായ നടപടി അല്ലെന്നും എംജി സുരേഷ് പറഞ്ഞു. സംസ്ഥാന ഭാരവാഹികൾ ഒരുമിച്ചുകൂടി നാളെ തിരുവനന്തപുരത്ത് പൊതുധർണ സംഘടിപ്പിക്കും. 500 പേർ പ്രതിഷേധത്തിൽ പങ്കെടുക്കും. വിരട്ടൽ അംഗീകരിച്ചുപോകാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ പിന്തുണയുണ്ടെന്നതാണ് സി.പി.എം അനുകൂല സംഘടനയെ കൂടുതൽ ചൊടിപ്പിക്കുന്നത്. ഇതോടെ ഒരു മാസത്തോളമായി ചെയർമാൻ ബി അശോകും ഇടത് അനുകൂല സംഘടനകളും നടത്തിയ വെടിനിർത്തലിനാണ് വിരാമമാകുന്നത്.