അമിത്ഷാഹ് 29 നു കേരളത്തിൽ ;ഉദ്ദേശം വർഗീയത ആളിക്കത്തിക്കൽ

യോഗങ്ങളിലെല്ലാം മുഖ്യമായും അവതരിപ്പിക്കുക ന്യൂനപക്ഷങ്ങള്‍ക്കെതിരായ അജന്‍ഡയാണെന്നാണ് സൂചന

അമിത്ഷാഹ് 29 നു കേരളത്തിൽ ;ഉദ്ദേശം വർഗീയത ആളിക്കത്തിക്കൽ

കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത്ഷാ നാളുകൾക്ക്ശേഷം കേരളത്തിലെത്തുന്നതിനു പിന്നില്‍ വര്‍ഗീയത ആളിക്കത്തിക്കലെന്നു  ലക്ഷ്യം.ബിജെപി കോര്‍കമ്മിറ്റി, സംസ്ഥാന സമിതി എന്നിവയില്‍ പങ്കെടുക്കുന്ന അമിത് ഷാ, പട്ടിക ജാതി മോര്‍ച്ച റാലിയിലും പങ്കെടുക്കാനാണ് 29ന് തിരുവനന്തപുരത്ത് എത്തുന്നത്. എന്നാല്‍, ഈ യോഗങ്ങളിലെല്ലാം മുഖ്യമായും അവതരിപ്പിക്കുക ന്യൂനപക്ഷങ്ങള്‍ക്കെതിരായ അജന്‍ഡയാണെന്നാണ് സൂചന. പ്രത്യേകിച്ചും മുസ്ലിങ്ങള്‍ക്കെതിരെയാകും നീക്കം.
നാളുകളായി  ശ്രമിച്ചിട്ടും കേരളത്തില്‍ വിജയിക്കാതെ പോയ ഉത്തരേന്ത്യന്‍ വര്‍ഗീയ തന്ത്രം ആലപ്പുഴ, പാലക്കാട് കൊലയുടെ സാഹചര്യത്തില്‍ വീണ്ടും പയറ്റാനാണ് പദ്ധതി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കരകയറാന്‍ ആര്‍എസ്‌എസ് ലക്ഷ്യമിടുന്നത് ദക്ഷിണേന്ത്യയാണ്.

ഹിജാബ് വിവാദമടക്കം ആളിക്കത്തിച്ചത് കര്‍ണാടകം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല. കേരളത്തില്‍ ഭീകരവാദമാണെന്ന് പ്രചരിപ്പിക്കുന്ന സുരേന്ദ്രന്‍ അമിത്ഷായുടെ വരവ് തീവ്രാദികള്‍ക്കെതിരെ ശക്തമായ നീക്കമായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദം, ലൗജിഹാദ് എന്നിവ ഉള്‍പ്പെടെ മുസ്ലിങ്ങള്‍ക്കെതിരായ പ്രചാരണത്തിനാകും പ്രാധാന്യം. കെ സുരേന്ദ്രനും സുരേഷ്ഗോപിയും ഈ അജന്‍ഡ വെളിപ്പെടുത്തിയിട്ടുമുണ്ട്. പാലക്കാട് കൊല കേന്ദ്ര ഏജന്‍സി അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

സംസ്ഥാന ബിജെപിയില്‍ അതിരൂക്ഷമായി തുടരുന്ന ഗ്രൂപ്പ് ഏറ്റുമുട്ടലും യോഗങ്ങളില്‍ ചര്‍ച്ചയാകും. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കുശേഷം കെ സുരേന്ദ്രനെ മാറ്റണമെന്ന മുറവിളി ശക്തമായിരുന്നു. അന്ന് സംഘടന ശക്തിപ്പെടുത്താന്‍ ഒരവസരം കൂടി കേന്ദ്ര നേതാക്കള്‍ നല്‍കിയെങ്കിലും ഗ്രൂപ്പ് യുദ്ധം രൂക്ഷമാവുകയാണ് ചെയ്തത്. വിമതര്‍ ബദല്‍ യോഗം ചേര്‍ന്ന് വന്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതെല്ലാം മറയ്ക്കാന്‍ തിരുവനന്തപുരം നഗരമാകെ അമിത് ഷായെ വരവേറ്റുള്ള ഫ്ലക്സ് നിറച്ചിരിക്കുകയാണ് ഔദ്യോഗിക വിഭാഗം. തമിഴ്നാട് മാതൃകയില്‍ സജീവ രാഷ്ട്രീയക്കാരനല്ലാത്ത ഒരാളെ സംസ്ഥാന അധ്യക്ഷനാക്കലും നേതാക്കളുടെ ലക്ഷ്യത്തിലുണ്ട്. സുരേഷ് ഗോപിയെ ആണ് പരിഗണിക്കുന്നത്. ഇതിനു കളമൊരുക്കലും അമിത് ഷായുടെ വരവിന് പിന്നിലുണ്ട്.