ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്ക് ബദലായി ബജ്രംഗദൾ ശൗര്യറാലി സംഘടിപ്പിക്കും

കേരളത്തിലെ മുഴുവൻ ബജ്രംഗദൾ പ്രവർത്തകരും ശൗര്യറാലിയിൽ പങ്കാളികളാകും. ഇടതു സർക്കാരിനുള്ള താക്കീതാണ് റാലിയെന്ന് ബജ്രംഗദൾ പ്രവർത്തകർ അറിയിച്ചു.

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്ക് ബദലായി ബജ്രംഗദൾ ശൗര്യറാലി സംഘടിപ്പിക്കും. ഈ മാസം 21ന് പോപ്പുലർ ഫ്രണ്ട് റാലി ആരംഭിക്കുന്ന സമയത്ത് തന്നെ ബജ്രംഗദൾ റാലിയും ആരംഭിക്കും. കേരളത്തിലെ മുഴുവൻ ബജ്രംഗദൾ പ്രവർത്തകരും ശൗര്യറാലിയിൽ പങ്കാളികളാകും. ഇടതു സർക്കാരിനുള്ള താക്കീതാണ് റാലിയെന്ന് ബജ്രംഗദൾ പ്രവർത്തകർ അറിയിച്ചു.

ആർ.എസ്.എസ് സ്വയംസേവകരായ നന്ദുവിന്റെയും രൺജീത് ശ്രീനിവാസിന്റെയും കൊലപാതകത്തിന് ശേഷം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലി നടത്താൻ തീരുമാനിച്ചിരുന്നു. ഈ മാസം 21ന് പോപ്പുലർ ഫ്രണ്ട് റാലി ആരംഭിക്കുന്ന സമയത്ത് തന്നെ ശൗര്യറാലി ആരംഭിക്കാനാണ് ബജ്രംഗദളിന്റെ തീരുമാനം. മുല്ലയ്‌ക്കൽ നിന്നാരംഭിച്ച് മണ്ണഞ്ചേരി വഴി ആശ്രമത്തിൽ ശൗര്യറാലി സമാപിക്കും.


നന്ദുവിന്റെയും രൺജീത് ശ്രീനിവാസിന്റെയും കൊലപാതക കേസിലെ സാക്ഷികളെയും ബന്ധുക്കളെയും ഭയപ്പെടുത്തുന്നതിനാണ് പോപ്പുലർ ഫ്രണ്ട് റാലി നടത്തുന്നതെന്ന ആരോപണം ശക്തമാണ്. പോപ്പുലർ ഫ്രണ്ടിന് റാലി നടത്താൻ ആദ്യം അനുമതി നിഷേധിച്ച പോലീസ് പിന്നീട് സർക്കാർ തലത്തിലുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്ന് ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.

നഗരത്തിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനും റാലിക്കും എതിർപ്പിനെ മറികടന്ന് പോലീസ് അനുമതി നൽകിയത് വിവാദമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് 21ന് നടക്കേണ്ട പരിപാടിക്ക് പോലീസും ജില്ലാ ഭരണകൂടവും ആദ്യം അനുമതി നൽകിയിരുന്നില്ല.