പ്യൂർട്ടോ റിക്കോ ദ്വീപില്‍ ബോട്ടപകടം; 11 പേര്‍ മരിച്ചു; രക്ഷ പ്രവര്‍ത്തനം തുടരുന്നു

അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്

പ്യൂർട്ടോ റിക്കോ ദ്വീപില്‍ ബോട്ടപകടം; 11 പേര്‍ മരിച്ചു; രക്ഷ പ്രവര്‍ത്തനം തുടരുന്നു

സാൻ ജുവാൻ: കരീബിയന്‍ തീരത്തെ പ്യൂർട്ടോ റിക്കോ ദ്വീപില്‍ ബോട്ടപകടം. 11 പേര്‍ മരിച്ചു. 31 പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്യൂർട്ടോ റിക്കോയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ജനവാസമില്ലാത്ത ദ്വീപായ ഡെസെച്ചോയ്ക്കില്‍ നിന്ന് 18 കിലോ മീറ്റര്‍ അകലെയാണ് ബോട്ട് മറിഞ്ഞത്.

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ട ബോട്ട് കണ്ടത്. രക്ഷപ്പെടുത്തിയവരില്‍ 20 പുരുഷന്മാരും 11 സ്‌ത്രീകളുമാണുണ്ടായിരുന്നതെന്ന് യു.എസ് കോസ്‌റ്റ് ഗാര്‍ഡ് വക്താവ് കാസ്ട്രോദാദ് അറിയിച്ചു.

ഹെയ്തിയില്‍ നിന്നും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുമുള്ള കുടിയേറ്റക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും ബോട്ടിലുണ്ടായിരുന്ന മഴുവന്‍ പേരും ഏത് ദേശക്കാരാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. രക്ഷപ്പെടുത്തിയവരില്‍ 8 പേര്‍ ഹെയ്തിക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതേ സമയം ഇവരോടൊപ്പമുള്ള ഒരു സ്‌ത്രീ മരിച്ചിട്ടുണ്ടെന്നും കാസ്ട്രോദാദ് പറഞ്ഞു.

അപകട സമയത്ത് ബോട്ടില്‍ എത്ര പേരുണ്ടായിരുന്നെന്നോ, അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്താനായെയെന്നും അറിയില്ല. എന്നിരുന്നാലും കഴിയുന്നത്ര പേരെ രക്ഷിച്ചിട്ടുണ്ടെന്നും മേഖലയില്‍ ഇപ്പോഴും രക്ഷ പ്രവര്‍ത്തനം നതുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.