റേഞ്ചേഴ്‌സിനെ കീഴടക്കി; യൂറോപ്പ ലീഗ് കിരീടത്തില്‍ ഫ്രാങ്ക്ഫർട്ടിന്‍റെ മുത്തം

വിജയത്തോടെ യൂറോപ്പ ലീഗില്‍ കിരീടത്തിനായുള്ള 42 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഫ്രാങ്ക്ഫർട്ട് അറുതി വരുത്തിയത്.

റേഞ്ചേഴ്‌സിനെ കീഴടക്കി; യൂറോപ്പ ലീഗ് കിരീടത്തില്‍ ഫ്രാങ്ക്ഫർട്ടിന്‍റെ മുത്തം

സെവിയ്യ: യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ജർമൻ ക്ലബ്ബായ എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. പെനാല്‍ട്ടിയിലേക്ക് നീണ്ട കലാശപ്പോരില്‍ സ്‌ക്വാട്ടിഷ്‌ ക്ലബ്ബായ റേഞ്ചേഴ്‌സിനെ 5-4 ന് കീഴടക്കിയാണ് ഫ്രാങ്ക്ഫർട്ട് കിരീടമുയര്‍ത്തിയത്.

ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ടിനായി കിക്കെടുത്ത അഞ്ച് താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍, നാലാം കിക്കെടുത്ത ആരോൺ റാംസിക്ക് പിഴച്ചത് റേഞ്ചേഴ്‌സിന് തിരിച്ചടിയായി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽട്ടിയിലെക്ക് നീണ്ടത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 57ാം മിനിട്ടില്‍ ജോ അറിബോയിലൂടെ റേഞ്ചേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 69ാം മിനിട്ടില്‍ റാഫേൽ സാന്‍റോസ് മൗറിയിലൂടെ ഫ്രാങ്ക്ഫർട്ട് ഒപ്പം പിടിക്കുകയായിരുന്നു. വിജയത്തോടെ യൂറോപ്പ ലീഗില്‍ കിരീടത്തിനായുള്ള 42 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഫ്രാങ്ക്ഫർട്ട് അറുതി വരുത്തിയത്.

നേരത്തെ 1980ലാണ് ടീം അവസാനമായി യൂറോപ്പ കിരീടം നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിന്‍റെ അടുത്ത സീസണിലേക്കുള്ള യോഗ്യതയും ഫ്രാങ്ക്ഫർട്ടിന് ലഭിച്ചു.