വിവാദങ്ങള്‍ ക്ഷീണമായി; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ് തിരിച്ചടി

വിവാദങ്ങള്‍ ക്ഷീണമായി; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ് തിരിച്ചടി

ബ്രിട്ടനില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലണ്ടനിലെ ശക്തികേന്ദ്രങ്ങളുള്‍പ്പെടെ നഷ്ടമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.വെസ്റ്റ്മിനിസ്റ്റര്‍, വാന്‍ഡ്‌സ്‌വര്‍ത്ത്, ബാര്‍നെറ്റ് കൗണ്‍സിലുകളില്‍ ലേബര്‍ പാര്‍ട്ടി അട്ടിമറിവിജയം നേടി. പാര്‍ട്ടിഗേറ്റ് വിവാദങ്ങളും വിലക്കയറ്റവുമടക്കം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വെല്ലുവിളിയായെന്നാണ് വിലയിരുത്തല്‍.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

1978 മുതല്‍ വാന്‍ഡ്‌സ്‌വര്‍ത്ത് കണ്‍സര്‍വേറ്റീവുകളുടെ കൈവശമായിരുന്നു. എന്നാല്‍, വിലക്കയറ്റവും കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഏര്‍പ്പെടുത്തിയ അനാവശ്യ പിഴകളും ബോറിസ് ജോണ്‍സണെതിരായ ജനവികാരം ഉയര്‍ത്തി. 1964-ല്‍ രൂപീകൃതമായതുമുതല്‍ ഒപ്പംനിന്ന വെസ്റ്റ്മിനിസ്റ്ററും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടമായി. ഇംഗ്ലണ്ടില്‍ 140, സ്കോട്ട്‌ലന്‍ഡില്‍ 32, വെയില്‍സില്‍ 22 വീതം കൗണ്‍സിലുകളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഗ്രീന്‍പാര്‍ട്ടി എന്നിവയും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിരുന്നു.

അതേസമയം, ചിലസ്ഥലങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും സമ്മിശ്രഫലമാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ജനങ്ങളില്‍ നിന്നുള്ള സന്ദേശമാണിത്. ബ്രെക്സിറ്റ്, വാക്സിന്‍ വിതരണം തുടങ്ങി സര്‍ക്കാര്‍ വലിയകാര്യങ്ങള്‍ ചെയ്തു. ഇനിയും കൂടുതല്‍കാര്യങ്ങള്‍ ചെയ്യാനുള്ളതായി മനസ്സിലാക്കുന്നു. കോവിഡ് വരുത്തിയ സാമ്ബത്തിക ആഘാതത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം പറ‍ഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പ്രധാനമന്ത്രിയും കൂട്ടരും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് പാര്‍ട്ടിഗേറ്റ് എന്നറിയപ്പെടുന്നത്. ഇതിനുപിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നിരവധി എം.പിമാര്‍ പ്രധാനമന്ത്രിയുടെ രാജിക്കായി പരസ്യമായി ആവശ്യപ്പെടുന്ന സാഹചര്യംവരെയുണ്ടായി. ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിലാണ് ബോറിസ് ജോണ്‍സണ്‍ വിരുന്ന് നടത്തിയത്.