കശ്‍മീര്‍ ഫയല്‍സ്' ട്വീറ്റിനെച്ചൊല്ലി വാദപ്രതിവാദം; പ്രതികരണവുമായി ശശി തരൂര്‍

മതസൌഹാര്‍ദത്തെ ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി സിംഗപ്പൂര്‍ ചിത്രം വിലക്കിയിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തയാണ് ശശി തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്

കശ്‍മീര്‍ ഫയല്‍സ്' ട്വീറ്റിനെച്ചൊല്ലി വാദപ്രതിവാദം; പ്രതികരണവുമായി ശശി തരൂര്‍

ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സിനെക്കുറിച്ചുള്ള (The Kashmir Files) തന്‍റെ ട്വീറ്റില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനമുന്നയിച്ചതില്‍ പ്രതികരണവുമായി ശശി തരൂര്‍ (Shashi Tharoor). മതസൌഹാര്‍ദത്തെ ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി സിംഗപ്പൂര്‍ ചിത്രം വിലക്കിയിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തയാണ് ശശി തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യയിലെ ഭരണകക്ഷി പ്രചരണം നല്‍കിയ ചിത്രം സിംഗപ്പൂരില്‍ നിരോധിക്കപ്പെട്ടു എന്നും വാര്‍ത്താലിങ്കിനൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്‍തു. എന്നാല്‍ തരൂരിനെ വിമര്‍ശിച്ച് ചിത്രത്തിന്‍റെ സംവിധായകന് വിവേക് അഗ്നിഹോത്രി, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേര്‍ തുടങ്ങിയവര്‍ ട്വിറ്ററിലൂടെത്തന്നെ രംഗത്തെത്തി. ശശി തരൂരിന്‍റെ പരേതയായ ഭാര്യ ഒരു കശ്മീരി പണ്ഡിറ്റ് ആയിരുന്നുവെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടായിരുന്നു ഇരുവരുടെയും പ്രതികരണം.

തന്‍റെ കശ്മീരി പണ്ഡിറ്റ് അസ്തിത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള സുനന്ദ പുഷ്കറിന്‍റെ 2013ലെ ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടും ഇരുവരും പങ്കുവച്ചിട്ടുണ്ട്. കലാപങ്ങള്‍ക്കിരയായ ന്യൂനപക്ഷങ്ങള്‍ക്കായി നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ പണ്ഡിറ്റുകളുടെ കാര്യം ആരും പരിഗണിക്കാറില്ലെന്നും പറയുന്ന സുനന്ദ ഈ വിഷയം സംസാരിക്കുന്നതില്‍ നിന്നും ഭര്‍ത്താവ് തന്നെ തടയാറുണ്ടെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. കശ്മീരി പണ്ഡിറ്റുകളോടുള്ള താങ്കളുടെ ഹൃദയകാഠിന്യം പരിതാപകരമാണെന്നും സുനന്ദ ഒരു പണ്ഡിറ്റ് ആണെന്നോര്‍ത്തെങ്കിലും ആ സമൂഹത്തോട് ഒരല്‍പം അനുകമ്പ കാട്ടാവുന്നതാണെന്നുമാണ് അനുപം ഖേറിന്‍റെ പ്രതികരണം. കശ്മീര്‍ ഫയല്‍സ് ഒരു രാജ്യം നിരോധിച്ചതിനെ വിജയമായി കാണരുതെന്നും.