ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവ് ചോദിച്ച് കോടതി

വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് കോടതി പറഞ്ഞു

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവ് ചോദിച്ച് കോടതി

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്തു തെളിവാണുള്ളതെന്ന് വിചാരണക്കോടതി ചോദിച്ചു. വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കോടതി രേഖകള്‍ ചോര്‍ന്നു എന്ന ആരോപണത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തു കൊണ്ടാണെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്തു തെളിവാണുള്ളതെന്ന് ചോദിച്ച കോടതി നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷന്‍ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോ? പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടത്. വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്നും വിമര്‍ശിച്ചു. രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന പ്രോസിക്യൂഷന്‍ ആരോപണത്തില്‍ എന്തുകൊണ്ടാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നതെന്നും കോടതി ആരാഞ്ഞു. മാര്‍ച്ച്‌ മൂന്നിന് അന്വേഷണത്തിന് അനുമതി നല്‍കിയിട്ട് പിന്നീട് എന്തുണ്ടായെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്നും ദിലീപിന്‍റെ ഫോണിലേത് രഹസ്യ രേഖകള്‍ അല്ലെന്നും കോടതി ആവര്‍ത്തിച്ചു.

പ്രോസിക്യൂട്ടറോട് സഹതാപം തോന്നുന്നതായി കോടതി വാദത്തിനിടെ പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തെളിവായ രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കുകയാണ് വേണ്ടത്. രേഖകള്‍ ഹാജരാക്കാതിരുന്നിട്ടു കോടതി ഹര്‍ജി പിടിച്ചു വയ്ക്കുന്നു എന്ന് പറയരുത്.

ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടൊയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. അന്വേഷണ സംഘം വീണ്ടെടുത്ത ഫോണ്‍ റെക്കോര്‍ഡുകള്‍ പുറത്തുപോയെന്ന് എങ്ങിനെ പറയും. ഞങ്ങള്‍ പുറത്തുകൊടുത്തിട്ടില്ലെന്നും എങ്ങിനെ പുറത്തു പോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ശബ്ദരേഖകള്‍ പുറത്തു പോയത് അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍റെ സാക്ഷികള്‍ പ്രോസിക്യൂഷന്‍്റെ ഓഫീസില്‍ വന്നിട്ടില്ലെ?

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഉത്തമ ബോധ്യത്തോടെയാണ് കസേരയില്‍ ഇരിക്കുന്നതെന്നും കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ദിലീപ് സമാന്തര ജുഡീഷ്യല്‍ സംവിധാനം ഉണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.