ചൈനയില്‍ വീണ്ടും പിടിമുറുക്കി കൊവിഡ്; ബീജിംഗിൽ ഉള്‍പ്പടെ കടുത്ത നിയന്ത്രണം

ബീജിംഗില്‍ പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ചൈനയില്‍ വീണ്ടും പിടിമുറുക്കി കൊവിഡ്; ബീജിംഗിൽ ഉള്‍പ്പടെ കടുത്ത നിയന്ത്രണം

ബീജിംഗ്: ചൈനയില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനമായ ബീജിങിലെ മുഴുവന്‍ ഹോട്ടലുകളും റസ്റ്റോറന്‍റുകളും അടച്ചു പൂട്ടി. പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. മെയ് ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനത്തില്‍ പൊതുയിടങ്ങളില്‍ അനുഭവപ്പെട്ട തിരക്ക് കാരണമാണ് നഗരത്തില്‍ നിയന്ത്രണങ്ങളാരംഭിച്ചത്.

അതേ സമയം ഷാങ്ഹായ് ശൈലിയിലുള്ള ലോക്ക്ഡൗണ്‍ ക്ഷാമത്തിന് കാരണമാകുമെന്ന് ഭയന്ന് കഴിഞ്ഞ ഒരാഴ്‌ചയായി ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും ശേഖരിക്കുന്ന തിരക്കിലായിരുന്നു ബീജിംഗ് നിവാസികള്‍. കൊവിഡ് വകഭേദം പടരുന്ന സാഹചര്യത്തില്‍ മേഖലയെ കൊവിഡ് മുക്തമാക്കുന്നതിനായി സര്‍ക്കാര്‍ സീറോ കൊവിഡ് നയം ഇരട്ടിയാക്കുന്നുണ്ട്. പ്രദേശവാസികളോട് അത്യാവശ്യങ്ങള്‍ക്കല്ലാതെ നഗരം വിട്ടു പുറത്ത് പോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കൊവിഡ് റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശനമായ ക്വാറന്‍റൈൻ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അതേ സമയം നിയന്ത്രണങ്ങളേർപ്പെടുത്തിയ ഷാങ്ഹായില്‍ കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കാനായെന്ന് റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് 25 ദശലക്ഷം നിവാസികളില്‍ ഭൂരിഭാഗവും അവരുടെ വീടുകളില്‍ ഒതുങ്ങി.

മേഖലയില്‍ ഞായറാഴ്‌ച 7872 പേര്‍ക്ക് കൊവിഡ് ബാധിച്ചു. നഗരത്തില്‍ 38 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 422 ആയി.