പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇറക്കിവിട്ടു വീടു ജപ്തി ചെയ്ത സംഭവത്തിൽ നാടകീയ രംഗങ്ങൾ

പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തു നിർത്തിയുള്ള നടപടിക്കെതിരെ എംഎൽഎ മാത്യു കുഴൽനാടൻ രംഗത്തു വരികയും പൂട്ടു പൊളിച്ചു കുഞ്ഞുങ്ങളെ വീടിനുള്ളിൽ പ്രവേശിപ്പിക്കുകുയം ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇറക്കിവിട്ടു വീടു ജപ്തി ചെയ്ത സംഭവത്തിൽ നാടകീയ രംഗങ്ങൾ

കൊച്ചി∙ മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇറക്കിവിട്ടു വീടു ജപ്തി ചെയ്ത വിവാദ സംഭവത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്കിൽ നാടകീയ രംഗങ്ങൾ. വീടു ജപ്തി ചെയ്യപ്പെട്ട കുടുംബം കടം തീർക്കുന്നതിനായി മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ചെക്കുമായി എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ.

ഗൃഹനാഥൻ അജേഷ് ചികിത്സയ്ക്കു പുറത്തു പോയിരിക്കുമ്പോഴാണ് വായ്പയ്ക്ക് ഈടു നൽകിയ വീട് ബാങ്ക് ജപ്തി ചെയ്യാനെത്തിയത്. ബാങ്ക് ലോൺ താൻ തീർത്തുകൊള്ളാമെന്നു പ്രഖ്യാപിച്ചെങ്കിലും സംഭവം വിവാദമായതോടെ ബാങ്കിലെ ഇടതു പക്ഷ സംഘടനാ ജീവനക്കാർ പിരിച്ച് ലോൺ തീർക്കുകയായിരുന്നു. പിന്നാലെ, തന്നോടു ചോദിക്കാതെയാണ് കടം തീർത്തതെന്ന വാദവുമായി അജേഷ് രംഗത്തു വന്നിരുന്നു.

നിലവിൽ കടം തീർത്ത നിലയിലാണെന്നും അതുകൊണ്ടു തന്നെ ചെക്ക് സ്വീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ജീവനക്കാർ വ്യക്തമാക്കിയത്. ഇതോടെയാണ് തർക്കം രൂപപ്പെട്ടത്. മാത്യു കുഴൽനാടൻ എംഎൽഎയുടെ ശമ്പളം ഉൾപ്പട്ട തുകയുടെ 1,35,686 രൂപയുടെ ചെക്കാണ് ഇവർ സമർപ്പിച്ചത്.

കടം തീർത്ത വിവരം അറിയിച്ചിട്ടില്ലെന്നും കടം തീർക്കാനാണ് വന്നതെന്നും വീട്ടുടമസ്ഥൻ അജേഷും ഭാര്യ മഞ്ജുവും നിലപാട് എടുത്തതോടെ ബാങ്ക് ജീവനക്കാർക്ക് ചെക്ക് സ്വീകരിക്കാതെ വയ്യെന്നായി. തുടർന്ന് അവർ ചെക്ക് സ്വീകരിക്കുകയായിരുന്നു. പക്ഷേ അജേഷിന്റെ ലോൺ അക്കൗണ്ടിലേക്ക് വരവു വയ്ക്കാനാകില്ലെന്ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാർ വ്യക്തമാക്കി. എന്നാൽ സിഐടിയുവിനു പണം നൽകില്ലെന്ന് ജപ്തിക്കിരയായ കുടുംബം നിലപാടെടുത്തു.