ബംഗാളിലെയും ത്രിപുരയിലെയും കൊഴിഞ്ഞുപോക്ക് : ഗൗരവ ചര്‍ച്ചയ്ക്ക് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
ബംഗാളിലും ത്രിപുരയിലും ബഹുജനാടിത്തറ വലിയതോതില്‍ ഇടിഞ്ഞെന്ന് സംഘടനാ റിപ്പോര്‍ട്ട്. കേരളത്തില്‍ ജനസ്വാധീനം വര്‍ധിച്ചു

കോഴിക്കോട് : സംഘടനയുടെ അംഗബലവും ജനസ്വാധീനവും കുറഞ്ഞുവരുന്നത് 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. കേരളത്തില്‍ ഒഴിച്ച് മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ ശോഷണം സംബന്ധിച്ച കണക്കുകള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കാന്‍ പോകുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ ഉണ്ട്. ദേശീയതലത്തില്‍ സിപിഎമ്മിനെ എങ്ങനെ ശക്തമാക്കാം എന്ന ചര്‍ച്ചകള്‍ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1943ൽ ബോംബെയിലാണ് ആദ്യ പാർട്ടി കോൺഗ്രസിന് തുടക്കമിട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്ന നിരോധനം പിൻവലിച്ചിരുന്നെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ 695 പാർട്ടി അംഗങ്ങൾ രാജ്യത്തെ വിവിധ ജയിലുകളിലായിരുന്നു. ഇവരില്‍ 105 പേർ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരായിരുന്നു.പ്രതിനിധികളിൽ 70 ശതമാനം പേരും ഒന്നോ അതിലധികമോ തവണ ജയിലിൽ കഴിഞ്ഞവരുമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചുള്ള ആദ്യ വര്‍ഷങ്ങളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായിരുന്നു. ആ വര്‍ഷങ്ങളില്‍ പാര്‍ട്ടിയുടെ ജനസ്വാധീനവും വര്‍ധിച്ച് വരുന്നുണ്ടായിരുന്നു.എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ ലൈനിനെ ചൊല്ലി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുക്കുന്നു. ഈ വിഭാഗീയത നയിച്ചത് 1964ല്‍ കേന്ദ്ര കമ്മിറ്റിയിൽ നിന്നും 31 പേർ ഇറങ്ങി പോകുന്നതിലേക്കാണ്. ഇവരില്‍ കേരളത്തില്‍ നിന്ന് എകെജിയും, ഇഎംസും, വിഎസ് അച്യുതാനന്ദനും ഉള്‍പ്പെടുന്നു.ആന്ധ്രാപ്രദേശിലെ തെനാലിയിൽ ഒത്തുചേർന്ന ഈ 31 നേതാക്കള്‍ കൊൽക്കത്തയിൽവച്ച് പാർട്ടി കോൺഗ്രസ് നടത്താൻ തീരുമാനിച്ചു. അങ്ങനെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഎമ്മും സിപിഐയുമായി മാറുന്നു. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ നടന്ന കോൺഗ്രസാണ് സി.പി.എം ഒന്നാം പാർട്ടി കോൺഗ്രസ്സായി കണക്കാക്കുന്നത്.
: 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിനില്ക്കുമ്പോള് സി.പി.എം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ അംഗബലത്തിലുണ്ടാകുന്ന ശോഷണമാണ് . ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ തീരെ ദുര്‍ബലമായി. അധികാരം നഷ്ടപ്പെട്ട ത്രിപുരയിലും ബംഗാളിന്റെ അവസ്ഥയിലേക്ക് പോകുമെന്ന ആശങ്കയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ചത്. പാര്‍ട്ടി നേരിട്ട ശോഷണത്തിന്റെ കണക്കുകള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കാന്‍ പോകുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സംഘടനാ റിപ്പോര്‍ട്ട് പ്രകാരം ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് ശേഷം ബംഗാളിൽ 48,096 അംഗങ്ങളും ത്രിപുരയിൽ 47,378 അംഗങ്ങളുമാണ് കൊഴിഞ്ഞുപോയത്.
ദേശീയ അടിസ്ഥാനത്തിൽ പാർട്ടി അംഗങ്ങളിൽ 3.86 ശതമാനത്തിന്റെ കുറവുവന്നു. ഒരു ലക്ഷത്തിലേറെ തൊഴിലാളികളാണ് ബംഗാളിൽ പാർട്ടിയിൽനിന്ന് അകന്നതെങ്കിൽ ത്രിപുരയിലേത് 88,567 ആണ്. ത്രിപുരയില്‍ 3.48 ലക്ഷം കർഷകർ സിപിഎമ്മുമായുള്ള ബന്ധം വിട്ടു.