ഇന്ധനവില കുതിക്കുന്നു; 16 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും 10 രൂപ വര്‍ധിച്ചു

16 ദിവസത്തിനിടെ 14 തവണയാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്

ഇന്ധനവില കുതിക്കുന്നു; 16 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും 10 രൂപ വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. 16 ദിവസത്തിനിടെ ലിറ്ററിന് പത്ത് രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.20 രൂപയും ഡീസലിന് 102.11 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 115.36 രൂപയായി ഉയര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് 117.19 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡീസല്‍ ലിറ്ററിന് യഥാക്രമം 103.97 ഉം 102.26 രൂപയുമാണ്.ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 105. 41 രൂപയായി. ഡീസല്‍ വില ലിറ്ററിന് 95.87 ല്‍ നിന്ന് 96.67 ആയി ഉയര്‍ന്നു. 137 ദിവസത്തെ ഇടവേളക്ക് ശേഷം മാര്‍ച്ച് 22 മുതല്‍ പുനഃരാരംഭിച്ച വില വര്‍ധനവില്‍ ഇതുവരെ 14 തവണയാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വില ഇനിയും വർധിപ്പിക്കാനാണ് സാധ്യത.ഇന്ധനവില വർധന മറ്റ് അവശ്യ സാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ത്തിയേക്കും. അതേസമയം, വിലക്കയറ്റത്തിനെതിരെ 'മെഹങ്കായി മുക്ത് ഭാരത് അഭിയാൻ' എന്ന പേരില്‍ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധം ഏപ്രിൽ 7 വരെ തുടരും.2021 നവംബർ 3ന് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതേത്തുടർന്ന്, പല സംസ്ഥാന സർക്കാരുകളും പെട്രോളിന്‍റേയും ഡീസലിന്‍റേയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബറില്‍ നിര്‍ത്തിവച്ച ഇന്ധനവില വര്‍ധന, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാര്‍ച്ചിലാണ് വീണ്ടും പുനഃരാരംഭിച്ചത്.