ഗോകുലം കേരള പുരുഷ, വനിതാ ടീമുകൾ ഇന്ന് കളത്തിൽ

പ്രതീക്ഷകൾ അത്രയും ജയം തുടരാൻ

കൊൽക്കത്ത/ഭൂവനേശ്വർ: ജയം തുടരാൻ ഗോകുലം കേരളയുടെ പുരുഷ വനിതാ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. പുരുഷ ടീം ഐ ലീഗിൽ മത്സരിക്കാനിറങ്ങുമ്പോൾ ഐ.ഡബ്യൂ.എല്ലിലാണ് വനിതാ സംഘം ബൂട്ട്‌കെട്ടുന്നത്.

ഐ ലീഗിൽ തോൽവി അറിയാതെ മുന്നേറുന്ന ഗോകുലം തുടർജയം തേടി പഞ്ചാബിനെയാണ് ഇന്ന് നേരിടുന്നത്. വൈകിട്ട് അഞ്ചിനാണ് മത്സരം നടക്കുന്നത്. ലീഗിൽ അവസാന മത്സരത്തിൽ സുദേവ എഫ്.സിയെ എതിരില്ലാത്ത നാലു ഗോലിന് തകർത്തതിന്റെ ആത്മവിശ്വാസം മലബാറിയൻസിനുണ്ട്. 11 മത്സരത്തിൽ നിന്ന് 27 പോയിന്റുമായി നിലവിൽ ഗോകുലം കേരളയാണ് ഐ ലീഗിൽ മുന്നിൽ നിൽക്കുന്നത്. ഒരു മത്സരം കൂടുതൽ കളിച്ച മുഹമ്മദൻസ് 26 പോയിന്റുമായി ഗോകുലത്തിന് തൊട്ടുപിറകെയുണ്ട്. പരിശീലകൻ അന്നീസെക്ക് കീഴിൽ ജയം തുടരാനായിരിക്കും ഗോകുലം കേരളയുടെ നീക്കം.

അതേ സമയം വനിതാ ലീഗിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയ ഗോകുലം ടീം ഇന്ന് എസ്.എസ്.ബി വുമൺ ഫുട്‌ബോൾ ക്ലബിനെയാണ് നേരിടുന്നത്. ആദ്യ മത്സരത്തിൽ ഒഡിഷ പൊലിസിനെ എതിരില്ലാത്ത 12 ഗോളുകൾക്കായിരുന്നു ഗോകുലം കേരള പരാജയപ്പെടുത്തിയത്.
നിലവിലെ കിരീട ജേതാരക്കളായ ഗോകുലം കേരള ഇത്തവണയും ഏറ്റവും ശക്തമായ ടീമിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഗോലുകം താരം മനീഷ കല്യാൺ നേടിയ അഞ്ചു ഗോളിന്റെ കരുത്തിലായിരുന്നു മലബാറിയൻസ് മികച്ച ജയം സ്വന്തമാക്കിയത്. ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരം തത്സമയം ഇന്ത്യൻ ഫുട്ബോൾ യൂടൂബിലും യൂറോ സ്പോർട് ചാനലിലും കാണാം.