വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.എറണാകുളം വെണ്ണലയിലെ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്‍റെ നടപടിയെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോര്‍ജിന്‍റെ ആവശ്യം. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. കേസില്‍ തന്‍റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോര്‍ജിന്‍റെ ആവശ്യം കോടതി കഴിഞ്ഞ തള്ളിയിരുന്നു.

പി സി ജോര്‍ജിനെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കൊച്ചി കമ്മിഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞിരുന്നു. മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കും. പി സി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ ചെലുത്തിയോയെന്നും അന്വേഷിക്കും. പിസിക്കെതിരെ ചുമത്തിയ 153 A, 295 A വകുപ്പുകള്‍ നിലനില്‍ക്കും. ജോര്‍ജിന്റെ അറസ്റ്റുണ്ടാകും പക്ഷേ തിടുക്കമില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പി സി ജോര്‍ജിന്റെ അറസ്റ്റ് എന്തായാലും ഉണ്ടാകും. അറസ്റ്റ് ചെയ്യാന്‍ തിടുക്കമില്ല. വീണ്ടും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തിലിറങ്ങാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.