IPL 2022 : പൃഥ്വി ഷായ്ക്ക് ടൈഫോയ്ഡ് ; താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് റിഷഭ് പന്ത്
രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് റിഷഭ് പന്ത് ഇക്കാര്യം വ്യക്തമാക്കിയത്

മുംബൈ : ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായുടെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരണവുമായി നായകന് റിഷഭ് പന്ത്. പൃഥ്വി ഷായ്ക്ക് ടൈഫോയ്ഡ് ബാധിച്ചുവെന്നാണ് ഡല്‍ഹി ക്യാപ്റ്റന്‍ അറിയിച്ചത്. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് റിഷഭ് പന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
''രാജസ്ഥാനെതിരായ മത്സരത്തില്‍ പൃഥ്വിയുടെ അഭാവം നിഴലിച്ചു. എന്നാല്‍ അത് നമുക്ക് നിയന്ത്രിക്കാനാവുന്ന കാര്യമല്ല. അവന് ടൈഫോയ്ഡോ മറ്റോ ആണ്, അങ്ങനെയാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത് '' റിഷഭ് പന്ത് പറഞ്ഞു. അതേസമയം താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കടുത്ത പനിയെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പൃഥ്വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. ഉടന്‍ കളിക്കളത്തിലേക്ക് തിരികെ എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും പൃഥ്വി പങ്കുവച്ചിരുന്നു.
പൃഥ്വിക്ക് പകരം രാജസ്ഥാനെതിരെ ഡേവിഡ് വാര്‍ണറിനൊപ്പം ശ്രികര്‍ ഭരത്തായിരുന്നു ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. എന്നാല്‍ വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട ഭരത് പൂജ്യത്തിന് പുറത്തായിരുന്നു. അതേസമയം മത്സരത്തില്‍ ഡല്‍ഹി എട്ട് വിക്കറ്റിന്റെ മിന്നും ജയം നേടിയിരുന്നു.
മാസായി മാര്‍ഷ് : ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ഡല്‍ഹി 18.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ മിച്ചൽ മാർഷും ഡേവിഡ് വാർണറുമാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്.
62 പന്തില്‍ 89 റൺസെടുത്ത് മാർഷ് പുറത്തായി. 41 പന്തില്‍ 52 റൺസെടുത്ത വാർണർ പുറത്താകാതെ നിന്നു. സീസണില്‍ ഡല്‍ഹിയുടെ ആറാം ജയമാണിത്. വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാന്‍ ഡല്ഹിക്കായപ്പോള്, ഏഴ് വിജയങ്ങളുള്ള രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.