ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു; പൂര്‍ണസമയ കാമറ നിരീക്ഷണവും പൊലീസ് പട്രോളിങും

സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.

ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു; പൂര്‍ണസമയ കാമറ നിരീക്ഷണവും പൊലീസ് പട്രോളിങും

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. പൂര്‍ണസമയ കാമറ നിരീക്ഷണം ഏർപ്പെടുത്തിയതോടൊപ്പം പ്രത്യേക കണ്‍ട്രോള്‍റൂമും സ്ഥാപിച്ചു. ഇതിനു പുറമേ നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ക്ലിഫ് ഹൗസിന്‍റെ 300 മീറ്ററിനപ്പുറത്തേക്ക് പ്രവേശന വിലക്കുണ്ട്. ഈ കനത്ത സുരക്ഷക്കിടെയായിരുന്നു കെ-റെയില്‍ വിഷയത്തില്‍ യുവമോര്‍ച്ചക്കാര്‍ മന്ത്രിമന്ദിര വളപ്പില്‍ കല്ലിട്ട് പ്രതിഷേധിച്ചത്. ഇതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെയും ഒമ്പത് മന്ത്രിമാരുടെയും വസതികളടങ്ങിയ ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടക്കാന്‍ രണ്ട് വഴികളാണുള്ളത്. ഈ രണ്ട് വഴികളുടെയും പ്രവേശന കവാടം ഇനി മുതല്‍ പൊലീസും സിസിടിവി കാമറകളും കൊണ്ട് നിറയും. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ 33 കാമറകളാണ് സ്ഥാപിക്കുന്നത്.കാമറകളിലെ ദൃശ്യങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കാനാണ് ചരിത്രത്തിലാദ്യമായി ക്ലിഫ് ഹൗസിനോട് ചേര്‍ന്ന് പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കുന്നത്. അഞ്ച് പ്രത്യേക പിക്കറ്റ് പോസ്റ്റുകള്‍, ഓരോ മന്ത്രിമന്ദിരത്തിനും മുന്നിലും പിന്നിലും കാവല്‍, മൂന്ന് പൊലീസ് ജീപ്പുകളും രണ്ട് പേര്‍ കാല്‍നടയുമായി പൂര്‍ണസമയ പട്രോളിങ് എന്നിവയും ഇനിയുണ്ടാകും. അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കാണ് സുരക്ഷ മേല്‍നോട്ട ചുമതല.