ചുട്ടുപൊള്ളി വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങൾ

ഞായറാഴ്ച ഇവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തത്

ചുട്ടുപൊള്ളി വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങൾ

ന്യുഡല്‍ഹി: കടുത്ത ഉഷ്ണ തരംഗത്തില്‍ ഇന്ത്യയിലെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുകയാണ്. ഞായറാഴ്ച ഇവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തത്.44 ഡിഗ്രി സെല്‍ഷ്യസുമായി മഹാരാഷ്ട്രയിലെ അകോലയിലാണ് ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഇത് കൂടാതെ രാജസ്ഥാനിലെ ബാര്‍മറിലും 43.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച ഡല്‍ഹിയിലും താപനിലകൂടിയ ദിവസമായിരുന്നെന്നും നജഫ്ഗഡ് മോണിറ്ററിംഗ് സ്റ്റേഷനില്‍ പരമാവധി താപനില 41.7 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയതെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. നീണ്ടുനില്‍ക്കുന്ന വരണ്ട കാലാവസ്ഥയാണ് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ താപനില കൂടാന്‍ കാരണമാക്കുന്നതെന്നും ഏപ്രില്‍ 3 മുതല്‍ 7 വരെ ദക്ഷിണ ഹരിയാന, ഡല്‍ഹി, ദക്ഷിണ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, തുടങ്ങിയ പ്രദേശങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ശക്തമായ തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനം മൂലം അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേര്‍ത്തു