രാജ്യത്തെ ആദ്യ കാര്‍ബണ്‍ മുക്ത റോഡ് ഇൻഡോറില്‍: പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്

നഗരത്തിലെ റോഡുകള്‍ കാര്‍ബണ്‍ രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇന്‍ഡോര്‍

രാജ്യത്തെ ആദ്യ കാര്‍ബണ്‍ മുക്ത റോഡ് ഇൻഡോറില്‍: പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്

ഇന്‍ഡോര്‍ (മധ്യപ്രദേശ്): രാജ്യത്തെ ആദ്യ കാര്‍ബണ്‍ മുക്ത റോഡ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍. ഇന്‍ഡോറിലെ ജിഎസ്‌ഐടിഎസ് ജങ്‌ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ഒരു കിലോമീറ്റർ ദൂരപരിധി ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി നീക്കിവച്ചു. ഇവിടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രവേശനാനുമതിയില്ല. ഇലക്‌ട്രിക് ബസുകള്‍, കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, ഇ-റിക്ഷ തുടങ്ങിയവയ്ക്ക് മാത്രമാണ് നിർദിഷ്‌ട റോഡിലൂടെ യാത്രാനുമതിയുള്ളത്. നേരത്തെ ഇന്‍ഡോറിലെ മാര്‍ക്കറ്റുകളില്‍ ചൂള ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തിരക്കുള്ള ജങ്ഷനുകളില്‍ ട്രാഫിക് ലൈറ്റ് റെഡാകുമ്പോള്‍ വണ്ടിയുടെ എന്‍ജിന്‍ ഓഫ് ചെയ്യാനും കോര്‍പ്പറേഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വായു ഗുണനിലവാര സൂചിക (എക്യൂഐ) മെച്ചപ്പെടുത്തുന്നതിന് നഗരം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോർപ്പറേഷന്‍ കമ്മിഷണർ പ്രതിഭ പാല്‍ പറഞ്ഞു. എക്യൂഐ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി റോഡുകളില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം, അല്ലെങ്കില്‍ എന്താെക്കെ ചെയ്യാന്‍ പാടില്ല തുടങ്ങിയവ സംബന്ധിച്ച് അവബോധം നല്‍കാനും ഇതിലൂടെ സാധിക്കും. ഇൻഡോറിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു നാഴികക്കല്ലായിരിക്കുമെന്നും മുന്‍സിപ്പല്‍ കോർപ്പറേഷന്‍ കമ്മിഷണർ പറഞ്ഞു.