വമ്പൻ മാറ്റങ്ങളുമായി പുതിയ Kia Telluride

ടൊയോട്ട ഫോർച്യൂണറിന് ഒത്ത എതിരാളിയാവുമെന്ന് വിലയിരുത്തൽ. എന്നാൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്താനുള്ള ഒരു പദ്ധതിയും കിയ ഇതുവരെ തുടങ്ങിയിട്ടില്ല.

വമ്പൻ മാറ്റങ്ങളുമായി പുതിയ Kia Telluride

മൂന്നുവരി പ്രീമീയം എസ്‌യുവിയായ ടെല്ലുറൈഡിന്റെ പുത്തൻ മോഡലിനെ അന്താരാഷ്ട്ര വിപണിക്ക് സമ്മാനിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. വിൽപ്പനയ്ക്കെത്തി ചരിത്രം തീർത്ത മൂന്നു വർഷങ്ങൾക്കു ശേഷമാണ് ടെല്ലുറൈഡിനെ കമ്പനി പരിഷ്ക്കാരിയാക്കുന്നത്. 

ഫുൾ-സൈസ് എസ്‌യുവിക്ക് അകത്തും പുറത്തും നിരവധി മാറ്റങ്ങളാണ് കിയ കൊണ്ടുവന്നിരിക്കുന്നത്. രൂപഘടനയിൽ മാറ്റമൊന്നുമില്ലെങ്കിലും ഡിസൈനിൽ ചെറിയ നവീകരണങ്ങൾ ഒരുക്കിയാണ് പുതുരൂപം ടെല്ലുറൈഡിനെ കിയ പരിചയപ്പെടുത്തുന്നത്. അകത്തളത്തിലും സമാനമായ രീതിയാണ് കമ്പനി പിന്തുടർന്നിരിക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????

https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പുതിയ സവിശേഷതകളും പുതിയ രണ്ട് വേരിയന്റുകളും നൽകി മോഡലിൽ കാര്യമായ പരിഷ്ക്കാരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങളിലൂടെ വാഹനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാവുമെന്നാണ് കിയ മോട്ടോർസിന്റെ വിശ്വാസം. നിലവിലെ രൂപകൽപ്പനയെ അടിസ്ഥാനമാക്കി 2023 മോഡൽ ടെല്ലുറൈഡ് മുന്നിലും പിന്നിലും അതിന്റെ ശൈലി അതേപടി നിലനിർത്തിയിട്ടുണ്ട്.

മൊത്തത്തിലുള്ള രൂപകൽപ്പനയിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മികച്ച ആകർഷണം നൽകുന്ന സൂക്ഷ്മമായ മാറ്റങ്ങളാണ് കിയ അവതരിപ്പിച്ചിരിക്കുന്നതെന്ന് പറയാം. എസ്‌യുവിക്ക് പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും മനോഹരമായ രൂപമാണ് സമ്മാനിക്കുന്നത്. പുനർരൂപകൽപ്പന ചെയ്ത ബമ്പറുകളും സ്കർട്ടുകളും ഇതിനോട് നീതിപുലർത്തുന്നുമുണ്ട്.

ഓരോ വേരിയന്റിനും പുതിയ വീൽ ഡിസൈനുകളും ലഭിക്കുന്നു. അതോടൊപ്പം തന്നെ മൂന്നു പുതിയ കളർ ഓപ്ഷനുകളും X-ലൈൻ, X-പ്രോ എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകളും കിയ ടെല്ലുറൈഡിന്റെ ശ്രേണിയിൽ ഇടമുണ്ട്. രണ്ടിനും കോസ്മെറ്റിക് നവീകരണങ്ങൾ മാത്രമല്ല മറ്റ് വേരിയന്റുകളിൽ നിന്നും ചില സാങ്കേതിക വ്യത്യാസങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. രണ്ട് വേരിയന്റുകളിലും 10 മില്ലീമീറ്ററിന്റെ അധിക ഗ്രൗണ്ട് ക്ലിയറൻസാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 5,000 പൗണ്ട് (2,268 കിലോഗ്രാം), X-പ്രോ പതിപ്പിന് 5,500 പൗണ്ട് (2,495 കിലോഗ്രാം) ടോവിംഗ് ശേഷിയുള്ള നവീകരിച്ച ട്രാക്ഷൻ കൺട്രോൾ സിസ്റ്റങ്ങളും ഡെഡിക്കേറ്റഡ് ടോ മോഡുകളുമാണ് കിയ ലഭ്യമാക്കിയിരിക്കുന്നത്. X-ലൈൻ വേരിയന്റിൽ 20 ഇഞ്ച് അലോയ് വീലുകൾ, ബോഡി-കളറുള്ള ഡോർ ഹാൻഡിലുകൾ, വ്യത്യസ്തമായ ഗ്രിൽ, X-ലൈൻ ബ്രാൻഡിംഗ് എന്നിവ എക്സ്റ്റീരിയറിലും ഇന്റീരിയറിലും സജ്ജീകരിച്ചിരിച്ചിട്ടുമുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????

https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

മറുവശത്ത് X-പ്രോയ്ക്ക് 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ഓൾ-ടെറൈൻ ടയറുകളും 'X-പ്രോ' ബ്രാൻഡിംഗും കാർഗോ ഏരിയയിൽ 110 വോൾട്ട് ഇൻവെർട്ടർ ഔട്ട്‌ലെറ്റും ഉണ്ട്. ടെല്ലുറൈഡിന് പുനർരൂപകൽപ്പന ചെയ്ത ഇന്റീരിയറാണ് കിയ ഒരുക്കിയിരിക്കുന്നത്. ഡാഷിൽ ഇരട്ട 12.3 ഇഞ്ച് സ്‌ക്രീനുകൾ. ക്ലൈമറ്റ് കൺട്രോൾ, മ്യൂസിക് സിസ്റ്റം തുടങ്ങിയ കാര്യങ്ങൾക്കുള്ള ഫിസിക്കൽ ബട്ടണുകൾ ഇപ്പോഴും നിലനിർത്തിയിട്ടുണ്ടെന്നതും മികച്ച തീരുമാനമാണെന്ന് പറയാം.

ഇൻ-വെഹിക്കിൾ ഹോട്ട്‌സ്‌പോട്ട്, ഓപ്‌ഷണൽ ഫുൾ ഡിസ്‌പ്ലേ മിറർ, ഓട്ടോ ക്ലോസ് ഫംഗ്‌ഷനോടുകൂടിയ 'സ്‌മാർട്ട് പവർ' ടെയിൽ ലിഫ്റ്റ്ഗേറ്റ്, കണക്‌റ്റഡ് കാർ ടെക്, ഓരോ നിരയിലും 2 യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, നവീകരിച്ച 10 ഇഞ്ച് ഹെഡ്-അപ് ഡിസ്പ്ലേ, കാർ അൺലോക്ക് ചെയ്യാനും ഓടിക്കാനും ഐഫോൺ, ആപ്പിൾ വാച്ച് അല്ലെങ്കിൽ സാംസങ് ഗാലക്‌സി സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ കീ എന്നിവയുൾപ്പെടെ നിരവധി പുതിയ സവിശേഷതകളാലും കിയയുടെ ഈ എസ്‌യുവി സമ്പന്നമാണ്.

സ്പീഡ് ലിമിറ്റ് അസിസ്റ്റും ഫോർവേഡ് കൊളീഷൻ അവോയ്‌ഡൻസ് ഉൾപ്പെടെ മെച്ചപ്പെട്ട അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) പോലുള്ള സുരക്ഷാ ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും 2023 ടെല്ലുറൈഡിന് ലഭിക്കുന്നുണ്ട്. കുത്തനെയുള്ള റോഡുകളിൽ ഇറങ്ങാൻ സഹായിക്കുന്ന പുതിയ ഡൗൺഹിൽ ബ്രേക്ക് കൺട്രോളും (DBC) എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നതാണ് ആകാംക്ഷയേകുന്ന മറ്റൊരു കാര്യം.

മുഖംമിനുക്കിയ ടെല്ലുറൈഡ് ഏഴ്, എട്ട് സീറ്റർ കോൺഫിഗറേഷനുകളിൽ തുടർന്നും വാഗ്‌ദാനം ചെയ്യും. 287 bhp കരുത്തിൽ 355 Nm torque നിർമിക്കാൻ ശേഷിയുള്ള അതേ 3.8 ലിറ്റർ V6 ജിഡിഐ എഞ്ചിനിൽ തന്നെയാണ് 2023 ടെല്ലുറൈഡ് വിൽപ്പനയ്‌ക്കെത്തുക. ഫോർഡ് എൻഡവർ കളമൊഴിഞ്ഞ ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഈ മോഡൽ എത്തുകയാണെങ്കിൽ ഹിറ്റാവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ടൊയോട്ട ഫോർച്യൂണറിന് ഒത്ത എതിരാളിയാവാനും ടെല്ലുറൈഡിനാവും എന്നും വിലയിരുത്തപ്പെടുന്നു.

എന്നാൽ എസ്‌യുവിയെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്താനുള്ള ഒരു പദ്ധതിയും കിയ തുടങ്ങിയിട്ടില്ല. പകരം E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള EV6 ഇലക്ട്രിക് ക്രോസ്ഓവറിനെയാകും ബ്രാൻഡ് വിൽപ്പനയ്ക്ക് എത്തിക്കുക. കൊറിയൻ വാഹന നിർമാതാക്കളായ കിയ EV6 ഇലക്ട്രിക് മെയ് ആദ്യ പകുതിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തുടർന്ന് ദീപാവലി സീസണിൽ ഇലക്ട്രിക് ക്രോസ്ഓവറിനായുള്ള ബുക്കിംഗുകളും ഡെലിവറികളും കിയ ആരംഭിക്കുമെന്നും പറയും. നിലവിൽ ഇന്ത്യയിൽ ഇലക്ട്രിക് എസ്‌യുവിക്കായുള്ള പരീക്ഷണയോട്ടങ്ങളും ബ്രാൻഡ് തുടങ്ങിയിട്ടുണ്ട്.