മൊബൈല്‍ റേഡിയേഷന്‍ : ചര്‍മ പ്രശ്‌നങ്ങളും പ്രതിവിധികളും

മൊബൈല്‍ ഫോണില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ ചർമത്തിന് എത്രത്തോളം ദോഷകരണമാണെന്ന് അറിയാമോ ?

മൊബൈല്‍ റേഡിയേഷന്‍ : ചര്‍മ പ്രശ്‌നങ്ങളും പ്രതിവിധികളും

മൊബൈൽ ഫോണ്‍, കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ് തുടങ്ങി നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്നത്. ടെക്‌നോളജി ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കുമെങ്കിലും ഇത് മൂലം നമുക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍ മൂലം പല ആളുകള്‍ക്കും ചര്‍മ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്.

നമ്മുടെ മൊബൈല്‍ ഫോണിലും ലാപ്പ്‌ടോപ്പിലുമെല്ലാം സിഗ്നൽ ടവറുമായി ബന്ധിപ്പിക്കാൻ ചിപ്പ് രൂപത്തില്‍ ആന്‍റിനകളുണ്ട്. ഈ ആന്‍റിനകളാണ് നമ്മുടെ ചർമത്തെ ദോഷകരമായി ബാധിക്കുന്ന റേഡിയേഷന്‍ പുറപ്പെടുവിക്കുന്നത്. നമ്മുടെ ചർമത്തിന് റേഡിയേഷൻ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും അതിനെ എങ്ങനെ സംരക്ഷിക്കാമെന്നും ഒരു പ്രമുഖ ചര്‍മ സംരക്ഷണ ബ്രാൻഡിന്‍റെ സഹസ്ഥാപകയായ നമ്രത ബജാജ് വിശദീകരിക്കുന്നു.

 ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍ മൂലമുണ്ടാകുന്ന പ്രധാന ചര്‍മരോഗങ്ങളിലൊന്ന് ചര്‍മത്തിന് സംഭവിക്കുന്ന നിറവ്യത്യാസമാണ്. റേഡിയേഷന്‍ മൂലം ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകും. വരണ്ടതാവുകയും ചെയ്യാം. ഒടുവില്‍ ചര്‍മത്തിന്‍റെ നിറവ്യത്യാസത്തിനും ഇത് ഇടയാക്കുന്നു.

അകാല വാര്‍ധക്യം : റേഡിയേഷന്‍ ചർമത്തിൽ ടാനുകള്‍ സൃഷ്‌ടിക്കുന്നു. അൾട്രാവയലറ്റ് (യുവി) രശ്‌മികള്‍ ശരീരത്തില്‍ പതിക്കുന്നത് ആന്തരിക കലകളെ (ടിഷ്യൂ) ബാധിക്കുകയും അവയുടെ ഇലാസ്‌റ്റിസിറ്റി നഷ്‌ടപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ കലകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ അകാല വാർധക്യത്തിലേക്ക് നയിക്കുന്നു.

ബ്രേക്ക്ഔട്ട് : റേഡിയേഷന്‍ പോലെയുള്ള പ്രതികൂല പരിസ്ഥിതിയില്‍ ചർമത്തിന്‍റെ സ്വാഭാവിക സംരക്ഷണം നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ അത് കൂടുതൽ സെൻസിറ്റീവ് ആകുകയോ ചെയ്യുന്നു. ഇത് ഒടുവിൽ ബ്രേക്ക്ഔട്ടുകളുടെ രൂപത്തില്‍ (കുരുക്കളോ, തടിപ്പുകളോ) ചർമത്തില്‍ പ്രത്യക്ഷപ്പെടുന്നു

കറുത്ത പാടുകള്‍ : റേഡിയേഷന്‍ മൂലമുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നം സ്‌കിന്‍ പിഗ്‌മെന്‍റേഷനാണ്. ചര്‍മത്തിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകുന്ന അവസ്ഥയെയാണ് സ്‌കിന്‍ പിഗ്‌മെന്‍റേഷന്‍ എന്ന് പറയുന്നത്.

സ്‌കിന്‍ സെന്‍സിറ്റിവിറ്റി : റേഡിയേഷന്‍ ചർമത്തിന്‍റെ സ്വാഭാവിക പ്രതിരോധ ശേഷി ദുർബലമാക്കുന്നു. ചർമം കൂടുതൽ സെൻസിറ്റീവ് ആകുമ്പോൾ വരണ്ട ചര്‍മം, ശരീരം ചുവക്കുക തുടങ്ങിയ അവസ്ഥയുണ്ടാകുന്നു.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ : കൂടുതല്‍ നേരം സ്‌ക്രീനില്‍ സമയം ചിലവഴിക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നം കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത പാടുകളാണ്.

റേഡിയേഷനില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ : ശുദ്ധ വായു ലഭിക്കുന്ന സ്ഥലത്ത് കൂടുതല്‍ സമയം ചിലവഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസവും മുഖവും ശരീരവും നന്നായി കഴുകുക, റേഡിയേഷന്‍ സംരക്ഷണമുള്ള ഫേസ് ക്രീമുകളും മോയ്‌സ്ച്ച്റൈസുകളും ഉപയോഗിക്കുക, സ്‌ക്രീനില്‍ സമയം ചിലവഴിക്കുന്നതിന് സമയപരിധി നിശ്ചയിക്കുക, ഉറങ്ങുന്നതിന് മുന്‍പ് ഫോണ്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് റേഡിയേഷനില്‍ നിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍.