പ്രസ് ക്ലബ് സ്ഥലം ഏറ്റെടുക്കാൻ നീക്കം

1971 ൽ അന്നത്തെ മാധ്യമപ്രവർത്തന കൂട്ടായ്മ " തൃശൂർ വർക്കിംഗ് ജേർണലിസ്റ്റ് അസോസിയേഷൻ" എന്ന സംഘടനയ്ക്ക് കളക്ടർ സാധാരണ നോട്ടീസിലൂടെയാണ് സ്ഥലം കൈമാറിയത്. സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി മാധ്യമപ്രവർത്തകർ അവിടെ ഇരിപ്പുറപ്പിച്ചു. പിന്നീട് കെട്ടിടം പണിതു.

പ്രസ് ക്ലബ് സ്ഥലം ഏറ്റെടുക്കാൻ നീക്കം

നാടു നന്നാക്കാൻ ഇറങ്ങിയ കേരളത്തിലെ മാധ്യമ പ്രവർത്തകർ നടത്തുന്ന വികൃതികൾ കുറച്ചൊന്നുമല്ല. പൊതുസമൂഹത്തെ നന്നാക്കുന്ന തിരക്കിൽ ഇവർ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകൾ പതിയെപ്പതിയെ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു. പണ്ടൊക്കെ തങ്ങൾക്കെതിരായ വാർത്തകൾ ഒരിടത്തും വരില്ലെന്നും, വരുത്തില്ലെന്നുമുള്ള ധാർഷ്ട്യത്തിൽ ആയിരുന്നു മാധ്യമപ്രവർത്തകരെങ്കിൽ സോഷ്യൽ മീഡിയയുടെ കാലം വന്നതോടെ ആ സുരക്ഷിതത്വം ഇല്ലാതായി.

നാട്ടിലെ മറ്റു തട്ടിപ്പുകാർക്കും വഞ്ചകർക്കും ഒപ്പമാണ് മാധ്യമപ്രവർത്തകരുടെ സ്ഥാനമെന്ന് ജനം തിരിച്ചറിഞ്ഞതോടെ ഇവർ നൽകുന്ന വാർത്തകളുടെ നിജസ്ഥിതിയിലും നാട്ടുകാർക്ക് സംശയമായി. സർക്കാർ ഫണ്ട് വെട്ടിപ്പും, പിരിവ് തട്ടിപ്പും, വ്യാജരേഖ ചമയ്ക്കലും, സ്ത്രീവിരുദ്ധ പ്രയോഗത്തിന് കേസുമൊക്കെ നേരിടുകയാണ്  മാധ്യമപ്രവർത്തകർ. മോൻസൺ മാവുങ്കാലിന്റെ കയ്യിൽ നിന്ന് 10 ലക്ഷം പറ്റി നാറി നിൽക്കുന്നതിനിടെയാണ് തൃശ്ശൂർ പ്രസ്ക്ലബുമായി ബന്ധപ്പെട്ട വാർത്ത ഇടിത്തീ പോലെ വന്നു വീണത്.


തൃശൂർ പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതായി വ്യക്തമാക്കി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് . സർക്കാർ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രസ് ക്ലബ്ബുകൾക്കെതിരേ ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ്, തൃശൂർ പ്രസ് ക്ലബ്ബിന് സ്ഥലം നഷ്ടമാകുന്നത്. വടക്കുംനാഥ ക്ഷേത്രത്തിന്റെ ദേവസ്വം ഭൂമി, സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൈക്കലാക്കിയത് തിരിച്ചുപിടിക്കണമെന്ന പരാതിയിലാണ് പത്രപ്രവർത്തക യൂണിയൻ ഇപ്പോൾ പൊല്ലാപ്പായിരിക്കുന്നത്.

1971 ൽ അന്നത്തെ മാധ്യമപ്രവർത്തന കൂട്ടായ്മ " തൃശൂർ വർക്കിംഗ് ജേർണലിസ്റ്റ് അസോസിയേഷൻ" എന്ന സംഘടനയ്ക്ക് കളക്ടർ സാധാരണ നോട്ടീസിലൂടെയാണ് സ്ഥലം കൈമാറിയത്. സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി മാധ്യമപ്രവർത്തകർ അവിടെ ഇരിപ്പുറപ്പിച്ചു. പിന്നീട് കെട്ടിടം പണിതു. ദേവസ്വത്തിന്റെ സ്ഥലം കൈവശം വച്ചിരുന്ന പലരിൽ ഒന്നായിരുന്നു ജേർണലിസ്റ്റ് യൂണിയൻ. സ്ഥലം കൈവശം ആണെന്നതിന് രേഖകൾ ഉണ്ടായിരുന്നില്ല. സ്ഥലത്തിന് വ്യാജരേഖ ഉണ്ടാക്കിയാണ് പ്രസ് ക്ലബ് പ്രസിഡണ്ട് പ്രഭാതും, സെക്രട്ടറി വിനീതയും ചേർന്ന് ഭൂമി സ്വന്തമാക്കിയത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചായിരുന്നു അനധികൃത രേഖകൾ ഉണ്ടാക്കിയത്.
   
 പ്രഭാതിനും വിനീതയ്ക്കുമെതിരേ വ്യാജ രേഖ ചമച്ചതിന് കേസ് നിലനില്‍ക്കുന്നുണ്ട്. ഇവർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. അടുത്ത മാസം ഈ കേസും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. തൃശൂര്‍ സ്വദേശി സുമോദ് കുമാറടക്കം മൂന്നുപേരാണ് ഭൂമി തട്ടിയെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
   
 2019ലെ പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് നാല്‍പ്പത് വര്‍ഷത്തെ നികുതി ഒന്നിച്ച് അടച്ചത്. ഭരണനേട്ട പട്ടികയില്‍ പെടുത്തി അധികാര തുടര്‍ച്ചയ്ക്ക് വേണ്ടി പെട്ടന്ന് നടത്തിയ നീക്കം പാളിയതോടെ തൃശ്ശൂർ യൂണിയന്റെ നടപടി പത്രക്കാർക്ക് നാണക്കേടായി . അഞ്ച് വര്‍ഷം നികുതി അടവ് മുടങ്ങിയാല്‍ പോലും ഭൂമി പോക്കുവരവ് നടത്തിവേണം തുടര്‍ന്ന് നികുതി സ്വീകരിക്കാനെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പ്രസ് ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും ഭരണതുടര്‍ച്ച മാത്രം ലക്ഷ്യമിട്ട് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി നികുതി അടച്ചത്. പ്രസ് ക്ലബ്ബിന്റെ ബഹുനില കെട്ടിടമടക്കം ഈ ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട്. നികുതി അടയ്ക്കാത്ത കാലത്തും കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകും. 
   
പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി നടപടി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട് . അനുഭവ പരിചയമുള്ളവര്‍ നേതൃത്വസ്ഥാനത്തില്ലാത്തതാണ് ഇത്തരം പ്രതിസന്ധികള്‍ക്കും നാണക്കേടിനും ഇടയാക്കിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സംഘടനയെ നയിക്കാന്‍ രംഗത്തുവരണമെന്നും തുടര്‍ച്ചയായി അധികാരത്തില്‍ ഇരിക്കാനുള്ള ചിലരുടെ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നുമുള്ള അഭിപ്രായം കോടതി ഇടപെടലിലൂടെ ശക്തമായിരിക്കുകയാണ്.

 വടക്കുംനാഥന്റെ ഭൂമി വ്യാജരേഖ ചമച്ച് പത്രപ്രവർത്തക യൂണിയൻ തട്ടിയെടുത്തതിന് പോലീസ് ക്രിമിനൽ കേസെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. വിവിധ യൂണിയനുകൾ സർക്കാരിന്റെ രണ്ടരക്കോടിയുടെ ഫണ്ട് വെട്ടിച്ചത് അന്വേഷണം ആവശ്യപ്പെട്ടു മറ്റൊരു കേസും ഹൈക്കോടതിയുടെ പരിഗണനയിലാണ്. വയനാട് പ്രസ് ക്ലബ്ബിനായി വ്യാജരേഖ നൽകി എം പി ഫണ്ടിൽ നിന്ന് തട്ടിയെടുത്ത 25 ലക്ഷം തിരിച്ചുപിടിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.

 പത്ര പ്രവർത്തക യൂണിയനും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഫണ്ട് വെട്ടിപ്പിലും മറ്റ് തട്ടിപ്പുകളിലും നടപടി ഉണ്ടാകാത്തതിന് കാരണം. പ്രത്യേക അപേക്ഷയിൽ ബജറ്റ് വിതരണത്തിൽ നിന്നാണ് മാധ്യമപ്രവർത്തകർക്ക് സർക്കാർ ധനസഹായം നൽകുന്നത്. മന്ത്രിസഭായോഗമാണ് പണം അനുവദിക്കുന്നത്. കെട്ടിട നവീകരണം, പ്രസ്ക്ലബ് സ്ഥാപിക്കൽ, സാങ്കേതിക നവീകരണം, സ്റ്റഡി ടൂർ, എന്നീ ഇനങ്ങളിലാണ് പണം അനുവദിക്കുന്നത്. അനുവദിക്കുന്ന പണത്തിന് വിനിയോഗ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ. മാധ്യമപ്രവർത്തകർ സർട്ടിഫിക്കറ്റ് നൽകാറില്ല, ഉദ്യോഗസ്ഥർ ചോദിക്കാറുമില്ല. ഇനി ഏതെങ്കിലും ഉദ്യോഗസ്ഥർ ചോദിച്ചാൽ ഭീഷണിപ്പെടുത്തി വരുതിയിലാക്കും. മാധ്യമപ്രവർത്തകർക്ക് അനുവദിക്കുന്ന ധനസഹായം ഓഡിറ്റ് പോലും ചെയ്യുന്നില്ല എന്നാണ് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിരിക്കുന്നത്. പണം തിരിച്ചുപിടിക്കാൻ അക്കൗണ്ടന്റ് ജനറൽ പിആർഡി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരിക്കുകയാണ്. പാവപ്പെട്ടവരുടെ നികുതിപ്പണത്തിൽ കയ്യിട്ടുവാരിയാണ് മാധ്യമപ്രവർത്തകരുടെ ആഘോഷം.