മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി വിധി ഇന്ന്;
നിലവിലെ മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റണം എന്ന കേരളത്തിന്റെ ഹർജി തള്ളിയ കോടതി കേരളവും തമിഴ്നാടും നിര്‍ദേശിക്കുന്ന ഓരോ വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തും.

മുല്ലപ്പെരിയാര്‍ ഹർജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. നിലവിലെ അംഗങ്ങളെ മാറ്റാതെ സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി വിധി പറയുക.
നിലവിലെ മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റണം എന്ന കേരളത്തിന്റെ ഹർജി തള്ളിയ കോടതി കേരളവും തമിഴ്നാടും നിര്‍ദേശിക്കുന്ന ഓരോ വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തും.
സമിതിയുടെ ഘടനയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ജല കമ്മീഷന് ചെയര്‍മാനെയോ, അല്ലെങ്കില്‍ അവിടുത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയോ മേല്‍നോട്ട സമിതി ചെയര്മാന് ആക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സുപ്രീംകോടതി തള്ളിയത്.
നിലവിലെ മേല്‍നോട്ട സമിതി ചെയര്‍മാനായ കേന്ദ്ര ജല കമ്മീഷനിലെ ചീഫ് എഞ്ചിനീയര്‍ ഗുല്‍ഷന്‍ രാജിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റേണ്ടത് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. സമിതിയിലെ അംഗങ്ങളായ കേരളാ തമിഴ്നാട് ചീഫ് സെക്രട്ടറിമാരെക്കാള്‍ കുറഞ്ഞ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാനെ മാറ്റണം എന്ന ആവശ്യം കേരളം മുന്നോട്ടുവച്ചത്. എന്നാല്‍ കേരളവും തമിഴ്നാടും നിര്‍ദേശിക്കുന്ന ഓരോ വിദഗ്ധ അംഗത്തേയും ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പുതിയ ഡാം നിര്‍മിക്കാന്‍ കേരളം ശ്രമിക്കുന്നു എന്ന് തമിഴ്നാട് ആരോപണം ഉയര്‍ത്തിയപ്പോള്‍, പുതിയ ഡാം നിര്‍മിക്കല്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധിയില്‍ വരാത്ത കാര്യമാണ് എന്നാണ് സുപ്രീംകോടതി മറുപടി നല്‍കിയത്. സുരക്ഷാവിഷയം മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത് എന്നും മറ്റ് വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ പറഞ്ഞു.