വല്ലപ്പുഴയില്‍ യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്‌റ്റില്‍

കേസിലെ അഞ്ചാം പ്രതിയെയാണ് കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്

വല്ലപ്പുഴയില്‍ യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്‌റ്റില്‍

പാലക്കാട്: വല്ലപ്പുഴ റെയിൽവെ ഗേറ്റിനുസമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ്‌ പിടികൂടി. അഞ്ചാം പ്രതിയായ നെല്ലായ പൊട്ടച്ചിറ സ്വദേശി ഷാഹുൽ മിദാദിനെയാണ് അറസ്റ്റ് ചെയ്‌തത്. വിദേശത്തേക്ക്‌ പോകാൻ ശ്രമിക്കവെ ഞായറാഴ്‌ച രാവിലെ 6.30ന് കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ മിദാദിനെ തടഞ്ഞ് നിര്‍ത്തി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് ഷൊർണൂർ ഡിവൈഎസ്‌പി വി സുരേഷിന്‍റെ നേതൃത്വത്തിൽ സിഐ സി വിജയകുമാരൻ, എസ്ഐമാരായ സി ശ്രീകുമാർ, പി ബി ബിന്ദുലാൽ, സിപിഒമാരായ ടി വി ഷമീർ, എം രാജേഷ്, കെ പി ജയരാജൻ എന്നിവരെത്തി അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസഥര്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. വല്ലപ്പുഴ റെയിൽവെ ഗേറ്റിനു സമീപത്തുവച്ച് രാത്രിയില്‍ സുബൈർ, മുഹമ്മദ്, അനീഷ് എന്നിവരെ അഞ്ചുപേർ മർദിക്കുകയും വെട്ടിപ്പരിക്കൽപ്പിക്കുകയുമായിരുന്നു. കേസിലെ മറ്റുപ്രതികളായ മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ആശിഖ്, ഹംസ, മുഹമ്മദലി എന്നിവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.