വ്ളോഗര്‍ റിഫ മെഹ്‌നുവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വ്ളോഗര്‍ റിഫ മെഹ്‌നുവിന്‍റെ ശരീരത്തില്‍ പരിക്കുകളേറ്റിട്ടില്ലെന്ന് പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ട് അടങ്ങുന്ന രാസപരിശോധന ഫലം കൂടി ലഭിക്കാനുണ്ട്

വ്ളോഗര്‍ റിഫ മെഹ്‌നുവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: ദുബൈയില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്‍റേത് തൂങ്ങി മരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്. ശരീരത്തില്‍ പരിക്കുകളില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ട് അടങ്ങുന്ന രാസപരിശോധന ഫലം ലഭിക്കാനുണ്ടെന്നും അത് ലഭിക്കാന്‍ കാലതാമസമെടുക്കുമെന്നും താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു. ഫെബ്രുവരി 28ന് രാത്രിയിലാണ് റിഫയെ ദുബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്‌നുവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ ഇരുവര്‍ക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തിയ റിഫ കുഞ്ഞിനെ മാതാപിതാക്കളെ ഏല്‌പിച്ചാണ് ദുബൈയിലേക്ക് തിരികെ പോയത്.

എന്നാല്‍ റിഫയുടെ മരണ ശേഷം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റമോര്‍ട്ട നടപടിയിലേക്ക് നീങ്ങിയത്. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ റിഫ ഏറ്റവും അടുപ്പമുള്ള ഒരാള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ മറ്റൊരാള്‍ക്കെതിരായ പരാമര്‍ശങ്ങളുണ്ടെന്ന പരാതി ഉന്നയിച്ചായിരുന്നു കുടുംബം പോസ്റ്റ് മോര്‍ട്ടം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്.

ഇതേ തുടര്‍ന്ന് ഖബർസ്ഥാനിൽ നിന്നും മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനും ആന്തരികാവയവങ്ങളുടെ രാസപരിശോധനക്കും വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മെയ് ഏഴിന് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ ലിസ ജോൺ ആണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.