രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ജമൈക്കയില്‍; ദ്വീപ് രാഷ്‌ട്രം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്

നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ജമൈക്കയിലെത്തിയത്

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ജമൈക്കയില്‍; ദ്വീപ് രാഷ്‌ട്രം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്

കിങ്സ്റ്റണ്‍ (ജമൈക്ക): നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ജമൈക്കയിലെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രസിഡന്‍റ് ജമൈക്ക സന്ദർശിക്കുന്നത്. കിങ്സ്റ്റണിലെ നോർമൻ മാൻലി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രസിഡന്‍റിനെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉള്‍പ്പെടെ നല്‍കിയാണ് സ്വീകരിച്ചത്.

ജമൈക്ക ഗവർണർ ജനറൽ പാട്രിക് അലന്‍, ജമൈക്കന്‍ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്, കാബിനറ്റ് അംഗങ്ങൾ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, പൊലീസ് കമ്മിഷണർ എന്നിവർ ചേര്‍ന്നാണ് പ്രസിഡന്‍റിനെ സ്വീകരിച്ചത്. ജമൈക്കയിലെ ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ മസാകി രുങ്സങും ഭാര്യയും പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പ്രഥമ വനിത സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ലോക്‌സഭ എംപി രമാദേവി, സതീഷ് കുമാർ ഗൗതം, സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരും രാംനാഥ് കോവിന്ദിനൊപ്പം ജമൈക്ക സന്ദർശന സംഘത്തിലുണ്ട്.

ജമൈക്ക-ഇന്ത്യ സൗഹൃദ ഉദ്യാനത്തിന്‍റെ ഉദ്ഘാടനം: ന്യൂ കിങ്‌സ്റ്റണിലെ പെഗാസസ് ഹോട്ടലിൽ എത്തിയ പ്രസിഡന്‍റിന് ജമൈക്കന്‍ ജനതയും പ്രവാസികളായ ഇന്ത്യക്കാരും ചേര്‍ന്ന് ഊഷ്‌മളമായ സ്വീകരണം നൽകി. നാല് ദിവസത്തെ സന്ദർശനത്തിനിടെ അന്തരിച്ച രാഷ്‌ട്രീയ നേതാവ് മാർക്കസ് മോസിയ ഗാർവിയുടെ സ്‌മാരകത്തില്‍ പ്രസിഡന്‍റ് പുഷ്‌പാര്‍ച്ചന നടത്തും. ഗവർണർ ജനറലിന്‍റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതി സന്ദർശിക്കുന്ന രാം നാഥ് കോവിന്ദ് ജമൈക്ക ഗവർണർ ജനറൽ പാട്രിക് അലനുമായും പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസുമായും കൂടിക്കാഴ്‌ച നടത്തും.

ബി.ആര്‍ അംബേദ്‌കറിന്‍റെ പേരിലുള്ള 'അംബേദ്‌കര്‍ അവന്യൂ' റോഡ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചൊവ്വാഴ്‌ച ഉദ്ഘാടനം ചെയ്യും. ജമൈക്ക-ഇന്ത്യ സൗഹൃദ ഉദ്യാനത്തിന്‍റെ ഉദ്ഘാടനവും പ്രസിഡന്‍റ് നിർവഹിക്കും. തുടര്‍ന്ന് വൈകീട്ട് ജമൈക്കയിലെ ക്രിക്കറ്റ് താരങ്ങൾക്ക് രാഷ്ട്രപതി ക്രിക്കറ്റ് കിറ്റുകൾ സമ്മാനിക്കും.

ജമൈക്ക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ബില്ലി ഹീവനും ക്രിക്കറ്റ് കിറ്റ് കൈമാറും. ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക സഹകരണ മേഖലയിലെ ധാരണാപത്രം അന്തിമ ഘട്ടത്തിലാണ്. ജമൈക്കയ്ക്ക് പുറമേ ദ്വീപ് രാജ്യമായ സെന്‍റ് വിന്‍സെന്‍റ് ആന്‍ഡ് ഗ്രനേഡിന്‍സും രാഷ്‌ട്രപതി സന്ദർശിക്കും.