ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ ആര്‍ആർആറിന് കഴിഞ്ഞു'; നന്ദി പ്രകടിപ്പിച്ച് എസ്.എസ് രാജമൗലി
'ആർആർആർ' ആയിരം കോടി ക്ലബ്ബില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് സംവിധായകന് എസ്.എസ് രൗജമൗലിയുടെ പ്രതികരണം

ബോക്സ് ഓഫിസ് റെക്കോഡുകള്‍ ഭേദിച്ച ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍'ന്റെ വന്‍ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന് എസ്.എസ് രാജമൗലി. റിലീസ് ചെയ്ത് 16 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആയിരം കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. 550 കോടി മുടക്കി ആഗോള റിലീസിനെത്തിയ ചിത്രം 1,000 കോടി സ്വന്തമാക്കിയ വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സ്ഥിരീകരിച്ചത്.
രണ്ട് ചിത്രങ്ങള്‍ക്ക് (ബാഹുബലി, ആർആർആർ) ലഭിച്ച സ്വീകാര്യതയിലും 1,000 കോടി ക്ലബ്ബില്‍ ചിത്രങ്ങള്‍ ഇടംപിടിച്ചതിലും ഞാന്‍ നന്ദിയുള്ളവനാണ്. ഒരു സംവിധായകന്റെ ഏറ്റവും വലിയ ആഗ്രഹം തന്റെ കഥ കൂടുതല്‍ ആളുകളിലേക്ക് എത്തണമെന്നതാണ്. മനുഷ്യ വികാരങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഒരു ചിത്രത്തിന് ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ സാധിക്കുമെന്ന് 'ബാഹുബലി 2'വിന്റെയും 'ആര്‍ആർആർ'ന്റെയും വിജയം തെളിയിച്ചിരിക്കുകയാണ്, എസ് രാജമൗലി പറഞ്ഞു.
ആഗോള തലത്തില്‍ ആയിരം കോടി സ്വന്തമാക്കുന്ന രണ്ട് ചിത്രങ്ങള്‍ (ബാഹുലി 2, ആര്‍ആര്‍ആർ) തുടര്‍ച്ചയായി ഒരുക്കിയ ഏക ഇന്ത്യന്‍ സംവിധായകന് എന്ന നേട്ടത്തിനും രൗജമൗലി അര്‍ഹനായി. ഇന്ത്യന്‍ ചലചിത്ര മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോഡും 'ആര്‍ആർആർ'നാണ്. സല്മാന് ഖാന്റെ 'ബജ്രംഗി ഭായിജാന്' എന്ന ചിത്രത്തേയാണ് ആഗോള കലക്ഷനില്‍ 'ആര്‍ആര്‍ആര്‍' മറികടന്നത്.
ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമെന്ന ബഹുമതി ആമിര്‍ ഖാന് നായകനായ 'ദംഗലിനാ'ണ്. 2024 കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്ഷന്‍. 1,810 കോടിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള 'ബാഹുബലി 2' സ്വന്തമാക്കിയത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ കാലഘട്ടം പശ്ചാത്തലമാക്കി രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മാർച്ച് 25 നാണ് പ്രദര്‍ശനത്തിനെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നി ഭാഷകളിൽ മൊഴിമാറ്റം ചെയ്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ 220 കോടിയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.