മൂന്നടിച്ച് ബെൻസേമ

ചെൽസിക്കും മുകളിൽ പറന്ന് റയൽ

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബെൻസീമയുടെ ആറാട്ട്. ചെൽസിയെ ലണ്ടണിലെത്തി നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും കരീം ബെൻസീമ വക. അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി എസ് ജിക്ക് എതിരെയും കരീം ബെൻസീമ ഹാട്രിക്ക് നേടിയിരുന്നു. ഇതോടെ തുടർച്ചയായ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ബെൻസേമ ഹാട്രിക്ക്. 

സ്റ്റാംഫോ ബ്രിഡ്ജിൽ മികച്ച തുടക്കമാണ് റയൽ മാഡ്രിഡിന് ലഭിച്ചത്. 9ആം മിനുട്ടിൽ തന്നെ റയലിന് നല്ല അവസരം ലഭിച്ചു. പക്ഷെ വിനീഷ്യസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 21ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ ആദ്യ ഗോൾ വന്നത്. ബെൻസീമയുടെ പാസിലൂടെ ആരംഭിച്ച അറ്റാക്ക് വിനീഷ്യസിൽ എത്തുകയും വിനീഷ്യ ഒരു ക്രോസിലൂടെ ബെൻസീമയിൽ തിരിച്ചെത്തുകയും ചെയ്തു. ബെൻസീമയുടെ ഹെഡർ തടയാൻ ചെൽസി ഗോൾ കീപ്പർ മെൻഡിക്ക് കഴിയാത്തതോടെ ​ഗോൾ വല കുലുങ്ങി.

ഇത് കഴിഞ്ഞ് മൂന്ന് മിനുട്ടുകൾക്കകം വീണ്ടും ബെൻസീമയുടെ ഹെഡർ. ഇത്തവണയും മെൻഡിക്ക് മറുപടിയില്ലായിരുന്നു. മോഡ്രിച് ആയുരുന്നു ബെൻസീമയ്ക്ക് ഈ ​ഗോളിനുള്ള വഴി ഒരുക്കിയത്. 
40ആം മിനുട്ടിൽ ഹവേർട്സിന്റെ ഒരു ഗോളിലൂടെ ചെൽസി കളിയിലേക്ക് തിരികെ വന്നു. ജോർഗീഞ്ഞോയുടെ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിർന്നു ഹവേർട്സ് വല കണ്ടെത്തിയത്. രണ്ടാം പകുതിയിൽ തിരിച്ചുവരാം എന്ന ചെൽസിയുടെ പ്രതീക്ഷയും അസ്ഥാനത്തായി.

ചെൽസിക്ക് തുടക്കത്തിൽ തന്നെ പാളി. ഗോൾ ലൈൻ വിട്ടു വന്ന മെൻഡി പന്ത് ബെൻസീമയ്ക്ക് സമ്മാനിക്കുകയായിരുന്നു. ബെൻസീമ അനായാസം പന്ത് വലയിലുമെത്തിച്ചു ഹാട്രിക്ക് പൂർത്തിയാക്കി. ഇതിനു ശേഷം മാറ്റങ്ങൾ വരുത്തിയും അറ്റാക്ക് ചെയ്തും കളിയിലേക്ക് മടങ്ങി വരാൻ ചെൽസി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

അടുത്ത ആഴ്ച മാഡ്രിഡിൽ ചെന്ന് അത്ഭുതങ്ങൾ കാണിച്ചാൽ മാത്രമെ നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ഇനി സെമി ഫൈനൽ കാണാൻ ആകു.