ഭക്ഷ്യ വസ്‌തു വിലയില്‍ റോക്കറ്റ് കുതിപ്പ് ; രാജ്യത്ത് വിലക്കയറ്റം 15 ശതമാനം കടന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള വിലക്കയറ്റം കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയത് 15.08 ശതമാനമെന്ന് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം

ഭക്ഷ്യ വസ്‌തു വിലയില്‍ റോക്കറ്റ് കുതിപ്പ് ; രാജ്യത്ത് വിലക്കയറ്റം 15 ശതമാനം കടന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : മൊത്ത വില സൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ കൂടിയത് 15.08 ശതമാനം. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 14.55 ശതമാനമായിരുന്നു. രാജ്യത്ത് കഴിഞ്ഞ പതിമൂന്ന് മാസം തുടര്‍ച്ചയായി മൊത്ത വില സൂചിക രണ്ടക്കത്തില്‍ തുടരുകയാണ്.

ഇന്ധനങ്ങളുടെ വിലയില്‍ ഏപ്രിലില്‍ 38.66 ശതമാണ് വര്‍ധനവുണ്ടായത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 34.52 ശതമാനമായിരുന്നു . അസംസ്‌കൃത എണ്ണ, മെറ്റലുകള്‍, പ്രകൃതി വാതകം, ഭക്ഷ്യ സാധനങ്ങള്‍, കെമിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വിലവര്‍ധനവാണ് മൊത്തവില സൂചികയെ പ്രധാനമായും ഉയര്‍ത്തിയതെന്ന് വ്യവസായ വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

ഭക്ഷ്യ വസ്‌തുക്കളുടെ വില 8.35 ശതമാനമാണ് വര്‍ധിച്ചത്. പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണയിലും പ്രകൃതി വാതകത്തിലും രേഖപ്പെടുത്തിയ വില വര്‍ധന 69.07 ശതമാനമാണ്.