വായ്‌പ നിരക്ക് വര്‍ധിപ്പിച്ച് എസ്‌ബിഐ; പലിശ ഉയര്‍ത്തുന്നത് ഒരു മാസത്തിനിടെ രണ്ടാം തവണ

മാര്‍ജിനല്‍ കോസ്‌റ്റ് ഓഫ് ഫണ്ട് അടിസ്ഥാനപ്പെടുത്തിയുള്ള വായ്‌പകളുടെ പലിശ നിരക്ക് 0.1 ശതമാനമാണ് വര്‍ധിപ്പിച്ചത്.

വായ്‌പ നിരക്ക് വര്‍ധിപ്പിച്ച് എസ്‌ബിഐ; പലിശ ഉയര്‍ത്തുന്നത് ഒരു മാസത്തിനിടെ രണ്ടാം തവണ

മുംബൈ: എസ്‌ബിഐ വായ്‌പ പലിശനിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനപ്പെടുത്തിയുള്ള വായ്‌പയുടെ പലിശ നിരക്കാണ്(എംസിഎല്‍ആര്‍) 0.1ശതമാനം വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടയിലെ എസ്‌ബിഐയുടെ രണ്ടാമത്തെ പലിശ നിരക്ക് ഉയര്‍ത്തലാണ് ഇത്. രണ്ട് തവണയായിട്ടുള്ള ഉയര്‍ത്തലിലൂടെ പലിശ നിരക്കില്‍ 0.2 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ മാസം റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള വാണിജ്യ ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്‌പയുടെ പലിശയായ റിപ്പോ നിരക്ക് 0.40 ശതമാനമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ റിപ്പോ നിരക്ക് 4.40 ശതമാനമാണ്.

എസ്ബിഐക്ക് പിന്നാലെ മറ്റ് വാണിജ്യ ബാങ്കുകളും വായ്‌പ പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാനാണ് സാധ്യത. എംസിഎല്‍ആര്‍ ബെഞ്ച്മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ വായ്‌പ എടുത്തവരുടെ ഇഎംഐയാണ് വര്‍ധിക്കാന്‍ പോകുന്നത്. പുതിയ എംസിഎല്‍ആര്‍ നിരക്ക് മെയ്‌ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു വര്‍ഷത്തെ കാലപരിധിയുള്ള എംസിഎല്‍ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനമായിട്ടാണ് വര്‍ധിച്ചത്.

ആറ് മാസത്തെ എംസിഎല്‍ആര്‍ 7.15 ശതമാനമായി വര്‍ധിച്ചു. മറ്റ് ചെറു കാലപരിധിയിലുള്ള എംസിഎല്‍ആര്‍ 6.85 ശതമാനമായാണ് ഉയര്‍ന്നത്. ഭൂരിപക്ഷം വായ്‌പകളും ഒരു വര്‍ഷത്തെ എംസിഎല്‍ആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. വായ്‌പയുടെ കാലപരിധി കൂടുന്നതിനനുസരിച്ചുള്ള റിസ്‌ക് പ്രീമിയവും ഉള്‍പ്പെടുത്തിയാണ് ബാങ്കുകള്‍ പലിശ നിരക്ക് നിശ്ചയിക്കുക.