സന്തോഷ് ട്രോഫി: കപ്പുയര്‍ത്താന്‍ കേരളം; കണക്ക് തീര്‍ക്കാന്‍ ബംഗാള്‍, കലാശപ്പോരിനൊരുങ്ങി പയ്യനാട് സ്റ്റേഡിയം
ടൂര്‍ണമെന്റില്‍ 75ാം പതിപ്പില്‍ കേരളം ഏഴാം കിരീടം ലക്ഷ്യം വെയ്ക്കുമ്പോള്‍ 33ാം കിരീടമാണ് ബംഗാളിന്റെ ഉന്നം.

മലപ്പുറം: ഇന്ന് നടക്കുന്ന സന്തോഷ് ട്രോഫിയുടെ കലാശപ്പോരില്‍ പശ്ചിമ ബംഗാളും കേരളവും ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിനാണ് മത്സരം ആരംഭിക്കുക. ടൂര്‍ണമെന്റില്‍ 75ാം പതിപ്പില്‍ കേരളം ഏഴാം കിരീടം ലക്ഷ്യം വെയ്ക്കുമ്പോള്‍ 33ാം കിരീടമാണ് ബംഗാളിന്റെ ഉന്നം. കേരളം തങ്ങളുടെ 15ാം ഫൈനലിനിറങ്ങുമ്പോള്‍ ബംഗാളിനിത് 46ാം ഫൈനലാണ്.
ചരിത്രത്തില്‍ മുന്‍തൂക്കം ബംഗാളിനുണ്ടെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന പോരില്‍ ഫോമിലുള്ള കേരളത്തെ കീഴടക്കുക എളുപ്പമാകില്ല. നേരത്തെ മൂന്ന് തവണയാണ് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കേരളവും ബംഗാളും ഏറ്റുമുട്ടിയത്. രണ്ട് തവണ (1989, 1994) ബംഗാള്‍ ജയിച്ചപ്പോള്‍ ഒരു തവണ കപ്പുയര്‍ത്താന്‍ കേരളത്തിനായി.
2018ല്‍ ബംഗാളിനെ അവരുടെ തട്ടകത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളം മറികടന്നത്. കണക്ക് തീര്‍ക്കാനാവും ബംഗാളിന്റെ ശ്രമം. എന്നാല്‍ സീസണിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ബംഗാളിനെ കീഴടക്കിയ ആത്മവിശ്വാസം ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന കേരളത്തിനുണ്ട്.
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് കേരളത്തിന്റെ കുതിപ്പ്. മേഘാലയക്കെതിരായ സമനിലയിലൊഴികെ മറ്റെല്ലാ മത്സരങ്ങളും ടീം ജയിച്ചുകയറി. സെമിയല്‍ കര്‍ണാടകയെ ഏഴ് ഗോളിന് തകര്‍ക്കാനും സംഘത്തിനായിരുന്നു. സൂപ്പര്‍ സബ് ജെസിന് അഞ്ച് ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ അര്ജുന് ജയരാജ്, ഷിഖില്‍ എന്നിവരാണ് മറ്റ് ഗോളുകള്‍ കണ്ടെത്തിയത്.
ക്യാപ്റ്റന്‍ ജിജോ ജോസഫ്, അര്ജുന് ജയരാജും മുഹമ്മദ് റാഷിദ്, പി.എന്‍ നൗഫല്‍ എന്നിവരുടെ പ്രകടനം കേരളത്തിന് നിര്‍ണായകമാവും. മറുവശത്ത് സുജിത് സിങ്, മുഹമ്മദ് ഫർദിൻ അലി മൊല്ല, ദിലീപ് ഒറൗൺ എന്നിവരിലാണ് ഭട്ടാചാര്യ പരിശീലിപ്പിക്കുന്ന ബംഗാളിന്റെ പ്രതീക്ഷ.