സിൽവർ ലൈൻ: പിബിക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടെന്ന് എസ്.ആർ.പി

വികസനത്തെ എതിർക്കുന്ന ഒരു വിഭാഗമാണ് സമരങ്ങൾക്ക് പിന്നിലെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു.

സിൽവർ ലൈൻ: പിബിക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടെന്ന് എസ്.ആർ.പി

കണ്ണൂർ: സിൽവർ ലൈനിൽ പിബിക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടാണെന്നും പിണറായിയും യെച്ചൂരിയും താനും സംസാരിക്കുന്നത് ഒരേ കാര്യമാണെന്നും പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള. ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും. സിൽവർ ലൈനിൽ ശുഭപ്രതീക്ഷയെന്നും എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.

വികസനത്തെ എതിർക്കുന്ന ഒരു വിഭാഗമാണ് സമരങ്ങൾക്ക് പിന്നിൽ. പരിസ്ഥിതി വിഷയത്തിൽ എല്ലാ ഘടകത്തിനും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നയങ്ങളെ കോൺഗ്രസ് എതിർത്താലേ അവരുമായി യോജിച്ച് പ്രവർത്തിക്കേണ്ടതുള്ളൂ. ബിജെപിയെ പരാജയപ്പെടുത്താൻ കൂടെ കൂട്ടുന്നവരുടെ നയങ്ങളാണ് പ്രധാനം. ബിജെപി നയങ്ങളെ എതിർക്കാതെ ബിജെപിയെ പരാജയപ്പെടുത്താൻ ആവില്ലെന്നും എസ്.ആർ.പി വ്യക്തമാക്കി. സിപിഎം പാർട്ടി കോൺഗ്രസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.