സോളാർ പീഡന പരാതി; എംഎൽഎ ഹോസ്റ്റലില്‍ സിബിഐ പരിശോധന

ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 33, 34 നമ്പർ മുറികളിലാണ് സിബിഐ പരിശോധന നടത്തുന്നത്.

സോളാർ പീഡന പരാതി; എംഎൽഎ ഹോസ്റ്റലില്‍ സിബിഐ പരിശോധന

തിരുവനന്തപുരം: സോളാര്‍ പീഡന പരാതിയില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന. കോൺഗ്രസ് നേതാവ് ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന. ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 33, 34 നമ്പർ മുറികളിലാണ് സിബിഐ പരിശോധന നടത്തുന്നത്.പരാതിക്കാരിയുമായെത്തിയാണ് സിബിഐ മുറിയില്‍ പരിശോധന നടത്തുന്നത്. ഈ മുറികളിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്‍റെ സാഹചര്യ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന.വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ നേരിട്ടുള്ള തെളിവുകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് പരാതിക്കാരിയെ നേരിട്ടെത്തിച്ച് പരിശോധന നടത്തുന്നത്. നേരത്തെ ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചിരുന്നത്. കേസ് സിബിഐയ്ക്ക് വിട്ട ശേഷം പരാതിക്കാരിയുടെ വിശദമായ മൊഴി സിബിഐ രേഖപ്പെട്ടുത്തിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ആറ് കേസുകളാണ് സിബിഐ എടുത്തിരിക്കുന്നത്. ഹൈബി ഈഡന്‍ എം.പിയെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ് എം.പി, എ.പി അനില്‍ കുമാര്‍ എംഎല്‍എ, കെ.സി വേണുഗോപാല്‍ എം.പി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.