ഷവർമ കഴിച്ചു വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം ; സ്ഥാപനത്തിന്റെ വാഹനം കത്തിനശിച്ച നിലയില്‍
വിദേശത്തുള്ള കടയുടമ മുഹമ്മദിനെ പൊലീസ് വിളിച്ചുവരുത്തും. അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദിനെ ചോദ്യം ചെയ്യണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു

കാസര്‍കോട്: ഷവർമ കഴിച്ചു വിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റ് എന്ന സ്ഥാപനത്തിന്റെ വാഹനം കത്തിനശിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആരാണ് വാന്‍ കത്തിച്ചത് എന്ന് സൂചനയില്ല, സിസിടിവി പരിശോധിക്കും. ഇവിടെനിന്ന് ഷവര്‍മ കഴിച്ച പെണ്‍കുട്ടി കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാന്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.
വിദേശത്തുള്ള കടയുടമ മുഹമ്മദിനെ പൊലീസ് വിളിച്ചുവരുത്തും. അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദിനെ ചോദ്യം ചെയ്യണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു. ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കടയുടമയെ വിളിച്ചു വരുത്താൻ പൊലീസ് തീരുമാനിച്ചത്.
കരിവെള്ളൂർ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ഇ.വി.ദേവനന്ദ (16) ആണു മരിച്ചത്. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. പിലിക്കോട് മട്ടലായിയിലെ ബന്ധുവീട്ടിലായിരുന്നു താമസം.
കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കൂൾബാറിൽ നിന്നു ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചിരുന്നു. ഇന്നലെ രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇവരെ ചെറുവത്തൂർ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ദേവനന്ദയെ രക്ഷിക്കാനായില്ല.