സ്വിസ് ഓപ്പണ്‍ ഫൈനല്‍: പി.വി സിന്ധുവിന് കിരീടം

സ്വിസ് ഓപ്പണ്‍ ഫൈനല്‍: പി.വി സിന്ധുവിന് കിരീടം

സിന്ധു സ്വിസ്‌ ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്‌മിന്റണിന്റെ വനിതാ സിംഗിള്‍സ്‌ കിരീടം നേടി. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്‌.എസ്‌. പ്രണോയ്‌ വെള്ളി നേടി. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഓങ്‌ബാഫാനെയാണു സിന്ധു തോല്‍പ്പിച്ചത്‌. സ്‌കോര്‍: 21-16, 21-8.

സെന്റ്‌ ജാകോബ്‌ഷലെ അറീനയില്‍ നടന്ന ഫൈനല്‍ 49 മിനിറ്റ്‌ നീണ്ടു. സിന്ധുവിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍ 300 ടൈറ്റിലാണിത്‌. ജനുവരിയില്‍ സയിദ്‌ മോദി ഇന്റര്‍നാഷണലും സിന്ധു സ്വന്തമാക്കി. ഒന്നാം ഗെയിമില്‍ സിന്ധു 3-0 ന്റെ ലീഡ്‌ നേടിയെങ്കിലും തായ്‌ താരം ശക്‌തമായി തിരിച്ചടിച്ചു. സ്‌കോര്‍ 3-3 ലും പിന്നീട്‌ 9-9 ലുമെത്തിച്ചു.

ബുസാനന്‍ 16-15 വരെയെത്തിയെങ്കിലും അവസാന ആറ്‌ പോയന്റുകളില്‍ അഞ്ചും നേടി സിന്ധു ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ നേടിയ ലീഡ്‌ നിലനിര്‍ത്തിയാണു സിന്ധു മുന്നേറിയത്‌.

രണ്ടുവട്ടം ഒളിമ്ബിക്‌ മെഡല്‍ നേടിയ സിന്ധു അനായാസം രണ്ടാം ഗെയിമും കിരീടവും നേടി. ബുസാനനെതിരേ പിവി സിന്ധുവിന്റെ 16-ാം ജയമാണ്‌. 2019 ലെ ഹോങ്ക്‌കോങ്ങ്‌ ഓപ്പണില്‍ മാത്രമാണ്‌ സിന്ധു തോറ്റത്‌.