സുധാകരനെതിരെ കേസെടുത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം: ടി സിദ്ദീഖ്

മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തതെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ്.കേസ് ജനങ്ങള്‍ വിലയിരുത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് ഇടതുപക്ഷ അണികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് മറികടക്കാനാണ് മുഖ്യമന്ത്രി നേരിട്ട് ബുത്ത് തലത്തില്‍ ഇടപെട്ടത്. എന്നിട്ടും പ്രശ്നങ്ങള്‍ തീരാത്തതിനാലാണ് ശ്രദ്ധതിരിക്കാന്‍ സിപിഎം ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും സിദ്ദീഖ് പറഞ്ഞു.
ജിഗ്നേശ് മേവാനിക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാറിന്റെ അതേ നിലപാട് തന്നെയാണ് പിണറായിയും സ്വീകരിക്കുന്നത്. കണ്ണൂരില്‍നിന്ന് പാര്‍ട്ടി ഗുണ്ടകളെ ഇറക്കി യുഡിഎഫ് പ്രവര്‍ത്തകരെ ഭയപ്പെടുത്താനാണ് സിപിഎം ശ്രമം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരനാറി, നികൃഷ്ടജീവി, കുലംകുത്തി പരാമര്‍ശങ്ങള്‍ നടത്തിയത് പിണറായി വിജയനാണ്. അതിനെതിരെയൊന്നും കേസെടുത്തിട്ടില്ല. അന്നൊന്നും ഉണ്ടാകാത്തത് ഇന്ന് സംഭവിച്ചിരിക്കുന്നു. കേസെടുത്ത് ഭയപ്പെടുത്താമെന്നാണ് സിപിഎം വിചാരിക്കുന്നത്. ഇതിന് തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും സിദ്ദീഖ് പറഞ്ഞു.