പുതുക്കിയ യാത്രാനിരക്ക് തൃപ്തികരമല്ല ; ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ സമരം പുനരാരംഭിക്കാന്‍ ബസുടമകള്‍

വിദ്യാത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍

പുതുക്കിയ യാത്രാനിരക്ക് തൃപ്തികരമല്ല ; ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ സമരം പുനരാരംഭിക്കാന്‍ ബസുടമകള്‍

പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകള്‍. നിരക്ക് ഇനിയും വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കാനാണ് ബസുടമകള്‍ ആലോചിക്കുന്നത്.നിലവില്‍ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവര്‍ധന തൊഴിലാളികള്‍ക്ക് ഗുണം ചെയ്യില്ലെന്ന് സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു.

ബസുടമകളുടെ ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് ഇന്നലെ ചാര്‍ജ് വര്‍ധിപ്പിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പത്തു രൂപയായാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 10 രൂപയാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

വിദ്യാത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓട്ടോ നിരക്കുവര്‍ധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി സി.ഐ.ടി.യുവും രംഗത്തെത്തിയിട്ടുണ്ട്. ഇനിയും നിരക്ക് കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവച്ചുള്ള സമരം സംഘടനകള്‍ ഉടന്‍ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. നികുതിയിളവ് പോലുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സമരം ഒഴിവാക്കിയേക്കും.