രണ്ടില ചിഹ്നം കേസ് : ചെന്നൈയിൽ അഭിഭാഷകൻ തൂങ്ങിമരിച്ചു

തൂങ്ങിമരിച്ചത് തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ നൽകാന്‍ ശ്രമിച്ചെന്ന കേസിൽ ആരോപണവിധേയനായ ഗോപിനാഥ്

രണ്ടില ചിഹ്നം കേസ് : ചെന്നൈയിൽ അഭിഭാഷകൻ തൂങ്ങിമരിച്ചു

ചെന്നൈ : രണ്ടില ചിഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിൽ ആരോപണ വിധേയനായ അഭിഭാഷകൻ തൂങ്ങിമരിച്ചു. ചെന്നൈ തിരുവേർകാട്‌ സുന്ദരചോളപുരം സ്വദേശി ഗോപിനാഥ് (31) ആണ് ജീവനൊടുക്കിയത്. പൂനമല്ലി കോടതിയിൽ അഭിഭാഷകനായിരുന്നു.2017ൽ രണ്ടില ചിഹ്നം ലഭിക്കാൻ ടിടിവി ദിനകരൻ കോഴ നൽകിയതായി പരാതി ഉയർന്നിരുന്നു. ദിനകരന്‍റെ സഹായി സുകേഷ് ചന്ദ്രശേഖരനെ ഒന്നരക്കോടി രൂപയുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകനായ മോഹൻരാജിനെ ഡൽഹി പൊലീസ് നേരത്തെ ചോദ്യം ചെയ്‌തിട്ടുമുണ്ട്.ദിനകരന്‍റെ അഭിഭാഷകനാണ് മോഹൻരാജ്. മോഹൻരാജിന്‍റെ ജൂനിയറായിരുന്ന ഗോപിനാഥിന്‍റെ വീട്ടിലും 2017ൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തിയിരുന്നു. ഇതേത്തുടർന്ന് എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ ഇന്നലെ വൈകിട്ട് ഗോപിനാഥിനെ സെൽഫോണിൽ ബന്ധപ്പെടുകയും ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്‌തു. പിന്നാലെയാണ് ഇയാള്‍ ജീവനൊടുക്കിയത്.രാത്രി ഉറങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് ഇയാൾ ഇന്നലെ (ഏപ്രിൽ 5) വീടിന് എതിർവശത്തെ കുടിലിലേക്ക് പോയി. പിറ്റേന്ന് (ഏപ്രില് 6) രാവിലെ 6.30ന് ഗോപിനാഥിന്‍റെ സഹോദരിയാണ് ഗോപിനാഥിനെ മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവേർക്കാട് പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കിൽപോക്ക് സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ഗോപിനാഥ് വിഷാദരോഗിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു