ഉമ്രാൻ മാലിക്ക് ഇന്ത്യന്‍ ടീമിലേക്ക്?; സൂചന നല്‍കി സൗരവ് ഗാംഗുലി

ഉമ്രാനെ ദേശീയ ടീമിലെടുത്താൽ താൻ ഒട്ടും അദ്ഭുതപ്പെടില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി.

ഉമ്രാൻ മാലിക്ക് ഇന്ത്യന്‍ ടീമിലേക്ക്?; സൂചന നല്‍കി സൗരവ് ഗാംഗുലി

മുംബൈ: ഐപിഎൽ സീസണില്‍ തുടർച്ചയായി 150 കിലോമീറ്റർ വേഗത്തിന് മുകളിൽ പന്തെറിഞ്ഞാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്ക് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. തുടര്‍ന്ന് വൈകാതെ തന്നെ താരത്തെ ഇന്ത്യന്‍ ടീമിലെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഉമ്രാന്‍റെ ദേശീയ ടീമിലെ അരങ്ങേറ്റം വൈകില്ലെന്ന സൂചനകൾ നൽകിയിരിക്കുകയാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി.

ഉമ്രാനെ ദേശീയ ടീമിലെടുത്താൽ താൻ ഒട്ടും അദ്ഭുതപ്പെടില്ലെന്നാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ ഗാംഗുലിയുടെ പ്രതികരണം.''150 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ പന്തെറിയാൻ എത്ര പേർക്ക് സാധിക്കും?. അധികം പേര്‍ക്കും കഴിയില്ല.

ഉമ്രാനെ ദേശീയ ടീമിലെടുത്താല്‍ ഞാൻ ഒട്ടും അദ്ഭുതപ്പെടില്ല. ഉമ്രാനെ വിവേകപൂര്‍വ്വമാണ് ഉപയോഗിക്കേണ്ടത്. ഏറ്റവും വേഗമേറിയ താരമാണ് ഉമ്രാൻ. കുൽദീപ് സെന്നിനെയും എനിക്ക് ഇഷ്‌ടമാണ്.

ടി. നടരാജനും മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നമുക്ക് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമുണ്ട്. അന്തിമമായി എല്ലാം സെലക്‌ടര്‍മാരുടെ തീരുമാനമാണ്.'' ഗാംഗുലി പറഞ്ഞു.

ലീഗില്‍ ബോളർമാരുടെ മേധാവിത്തം കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ വർഷം യുഎയില്‍ നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ നെറ്റ് ബൗളറായി ജമ്മുകാശ്‌മീരിന്‍റെ 22കാരന്‍ പേസര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.