ടി.ജെ.എസ് ജോർജ്ജ് രചിച്ച 'ഘോഷയാത്ര'ക്ക് ശ്രീജിത്ത് നമ്പൂതിരിയുടെ ആസ്വാദന കുറിപ്പ്

തന്റെ ഫേസ്ബുക് പേജിലാണ് ശ്രീജിത്ത് നമ്പൂതിരി ആസ്വാദന കുറിപ്പ് രചിച്ചത്.

ടി.ജെ.എസ് ജോർജ്ജ് രചിച്ച 'ഘോഷയാത്ര'ക്ക് ശ്രീജിത്ത് നമ്പൂതിരിയുടെ ആസ്വാദന കുറിപ്പ്

അന്താരാഷ്ട്ര പത്രപ്രവർത്തകനും ഗ്രന്ഥകർത്താവുമായ ശ്രീ. ടി.ജെ.എസ് ജോർജ്ജ് രചിച്ച 'ഘോഷയാത്ര' എന്ന കൃതിക്ക് സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് നമ്പൂതിരി എഴുതിയ ആസ്വാദന കുറിപ്പ് ശ്രദ്ധേയമാകുന്നു. 'ഘോഷയാത്ര'യുടെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയ അവസരത്തിലാണ് ആസ്വാദനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ പതിപ്പ് വായിച്ച അനുഭവത്തിൽ തുടങ്ങി ടി.ജെ.എസ് ജോർജിനെ നേരിട്ട കണ്ട അനുഭവവും കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. തന്റെ ഫേസ്ബുക് പേജിലാണ് ശ്രീജിത്ത് നമ്പൂതിരി ആസ്വാദന കുറിപ്പ് രചിച്ചത്. കുറിപ്പിന്റെ പൂർണ രൂപം താഴെ വായിക്കാം...

"ബഹുരസികനായ ഒരാൾ ഒരു യഥാർത്ഥ സംഭവം പറയുമ്പോൾ എന്താണ് പ്രത്യേകത ? അത് നല്ലൊരു കഥപോലെ സുന്ദരമായ അനുഭവമാവും. ഒരു കവിയുടെ സ്വപ്നം പോലെ മനോഹരമായ അനുഭൂതിയാവും. ആ കഥയ്ക്ക് ജീവൻ വയ്ക്കും. ചിറക് മുളച്ച് വികസിച്ച് പറക്കും. അതാണ് ഈ ഘോഷയാത്രയിൽ സംഭവിച്ചത്. 

വിചിത്രമായ സന്ദർഭങ്ങൾ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട പലതരം പ്രത്യേകതകൾ നിറഞ്ഞ മനുഷ്യർ, ഉന്നതരും പ്രബലരുമായ വ്യക്തികൾ, പ്രാഗൽഭ്യവും കൗശലവും ജന്മനാ കൈമുതലായുള്ളവർ, പ്രതിഭകൾ, പ്രതിഭാസങ്ങൾ, സർവ്വവും ആർജ്ജിച്ചവർ, വിജയികൾ, പരാജിതർ, ഗ്രന്ഥകർത്താവ് കൂടി ഉൾപ്പെട്ട ചരിത്രപ്രാധാന്യമുള്ള യഥാർത്ഥ സംഭവങ്ങൾ, ചരിത്രത്തിലെ വഴിത്തിരിവുകൾ, മാറ്റത്തിന്റെ ശംഖൊലികൾ, പുതിയ തുടക്കങ്ങൾ അങ്ങനെ കലയുടെ വലിയ ക്യാൻവാസിൽ കയ്യടക്കത്തോടെ ഒരുക്കിയ ഈ ഗ്രന്ഥം, 2012 ലാണ് ആദ്യം വായിച്ചത്. ഒറ്റയിരുപ്പിൽ ! വായിച്ചു തീർന്നപ്പോൾ ഘോഷയാത്രയ്ക്ക് മുൻപും പിൻപും എന്നൊരു അവസ്ഥയിലെത്തി എന്റെ മനസ്സ്. 

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

2020 ൽ പുതിയ പതിപ്പ് വന്ന ദിവസങ്ങളിൽ തന്നെ വാങ്ങി. ഒന്നര മാസത്തിനുള്ളിൽ മൂന്ന് തവണ വായിച്ചു ! ആദ്യവായനയിൽ എന്നിലുണ്ടായ വൈകാരികതയുടെ കൊടിയേറ്റം വീണ്ടും സംഭവിക്കുന്നു. കൂടുന്നതല്ലാതെ കുറയുന്നുമില്ല. 'യഥാർത്ഥ ഇഷ്ടം പൂർവാധികം സുന്ദരമായ ആവർത്തനങ്ങളിലൂടെ ആത്മീയമായ നിറവും അനുഭൂതിയുമേകുന്നു' എന്ന തത്വത്തിൽ ഞാൻ വിശ്വസിക്കുന്നു. ശാസ്ത്രീയമായും സൗന്ദര്യാസ്വാദനപരമായും. 

ചരിത്രരഥത്തിലേറി കന്യാകുമാരി മുതൽ കാശ്മീരം വരെ ഹൃദയം കൊണ്ടറിഞ്ഞും ആഘോഷിച്ചും യാത്ര ചെയ്യാം. ഭൂഖണ്ഡസന്ധികളിലെ കൂത്തമ്പലങ്ങളിൽ അരങ്ങേറിയ രാഷ്ട്രമീമാംസയിലെ നിഴൽക്കുത്തുകൾ കാണാം. ഭാരതത്തിന്റെ ആകാശഗോപുരങ്ങളിലെ ചുമരുകളിൽ ആരൊക്കെയോ ചരിത്രം എഴുതുന്നത് കാണാം. കിരീടങ്ങളിൽ പതിച്ച രത്നങ്ങളുടെ തിളങ്ങുന്ന പൊരുളറിയാം. ഭാരതം റിപ്പബ്ലിക് ഇന്ത്യയായി മാറുന്ന പരിണാമസന്ധ്യകളിൽ വടവൃക്ഷത്തിന്റെ ചുവട്ടിൽ ഡംഭോടെ ചമ്രം പൂട്ടി നിവർന്നിരുന്ന് ചക്രവാളത്തിൽ നിന്നും ദൃഷ്ടിയെടുക്കാതെ, ഇരുകൈകളും കൊണ്ട് ശൽബിയെ കുറുങ്കുഴൽ പോലെ ഉയർത്തി ചുംബിക്കാനെന്നപോലെ ചുണ്ടോട് ചേർത്ത്, അതിനുള്ളിൽ എരിയുന്ന ശിവമൂലിയെ നറുനിലാവെന്നപോലെ സിരകളിൽ ആവാഹിച്ച് ചിന്തകളുടെ ഉറവിടം പ്രക്ഷാളനം ചെയ്യുന്ന വയോധികരെ കാണാം. 

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

അന്താരാഷ്ട്ര പത്രപ്രവർത്തകനും ഗ്രന്ഥകർത്താവുമായ ശ്രീ. ടി.ജെ.എസ് ജോർജ്ജ് യഥാർത്ഥ ജീവിതത്തിൽ ഒരു ബഹുരസികനാവും എന്ന് 'ആദ്യഘോഷയാത്രയുടെ' നാളുകളിൽ തന്നെ ഞാൻ ഊഹിച്ചിരുന്നു. പരിചയപ്പെട്ടപ്പോൾ മുഖത്തെ ഗൗരവം കണ്ട് അല്പം പരുങ്ങലോടെയാണ് ഞാൻ സംസാരിച്ചത്. വർത്തമാനം തുടങ്ങി അടുത്ത നിമിഷം എന്റെ പരുങ്ങലും അപരിചിതത്വവും എങ്ങോ പോയിമറഞ്ഞു. അത്രയ്ക്ക് രസികൻ. ഗൗരവമുള്ള വിഷയങ്ങളും നിസ്സാരമായ കാര്യങ്ങളും ഗോളന്തരമായ ശൈലിയിൽ രസകരമായിട്ടാണ് അദ്ദേഹം പറയുന്നത്. Simple living and High thinking എന്ന ചൊല്ല് നമ്മൾ സ്ഥിരം കേൾക്കുന്നതാണ്. പക്ഷേ, 'HIGH THINKING' ആയ വ്യക്തികളെ അപൂർവ്വമായി മാത്രമേ കാണാൻ പറ്റൂ. കാരണം മറ്റൊന്നുമല്ല. അവർ അപൂർവ്വമാണ്."