ബസ് ചാർജ് വര്‍ധന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ ; ഗതാഗത മന്ത്രിയെ കണ്ടു.

യാത്ര നിരക്കില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സമരം പിൻവലിക്കുകയായിരുന്നു.

ബസ് ചാർജ് വര്‍ധന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ ; ഗതാഗത മന്ത്രിയെ കണ്ടു.

ബസ് നിരക്ക് വര്‍ധനവിന്റെ ഉത്തരവ് ഉടൻ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തണം എന്ന ആവശ്യവും മന്ത്രിക്ക് മുന്നില്‍ ബസ് ഉടമകള്‍ ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഈ വിഷയം വീണ്ടും ചര്‍ച്ച നടത്താമെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. ഓട്ടോ, ടാക്‌സി, ബസ് യാത്രാ നിരക്കുകള്‍ ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച്‌ 30 - നാണ് തീരുമാനിച്ചത്.

എല്‍ഡിഎഫ് യോഗത്തിലാണ് നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്തത്. മിനിമം ചാര്‍ജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മിനിമം ചാര്‍ജ് ഉയര്‍ത്തിയെങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല.

വിദ്യാർത്ഥികളുടെ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം ഇന്നും ബസ് ഉടമകള്‍ ഉന്നയിക്കുകയായിരുന്നു. ബസുടമകളുടെ ഈ ആവശ്യം ന്യായമാണെന്നും ഇത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. 

മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നതായിരുന്നു ബസ് ഉടമകളുടെ ആവശ്യം. ബസ്സുടമകളുടെ ഈ ആവശ്യം എല്‍ഡിഎഫ് യോഗം തള്ളുകയാണ് ചെയ്തത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ തീരുമാനിച്ചിരുന്നു. എല്‍ഡിഎഫ് ചര്‍ച്ചയ്ക്ക് ബസ് ചാര്‍ജ് വര്‍ധനവ് വിഷയമാകും എന്നും അന്തിമ തീരുമാനം ഉണ്ടാകുമെന്നും മന്ത്രിനേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

യാത്ര നിരക്കില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ച്ചിരുന്നത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സമരം പിൻവലിക്കുകയായിരുന്നു.