കലാപത്തെ തുടർന്ന് കരൗലിയില്‍ ഏർപ്പെടുത്തിയ കര്‍ഫ്യൂ ഏപ്രില്‍ ഏഴു വരെ നീട്ടി

ഹിന്ദു പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട്​ ശനിയാഴ്ച വൈകുന്നേരം ഹിന്ദുത്വ സംഘടനകള്‍ നടത്തിയ റാലിക്കിടെ ഉണ്ടായ സങ്കർഷമാണ് കരൗലിയില്‍ ലഹളയ്ക്ക് കാരണമായത്.

ശനിയാഴ്ച വൈകുന്നേരം വര്‍ഗീയ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് രാജസ്ഥാനിലെ കരൗലിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഏപ്രില്‍ ഏഴു വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന നില കണക്കിലെടുത്താണ് കര്‍ഫ്യൂ നീട്ടുന്നതെന്ന് കരൗലി ജില്ലാ കലക്ടര്‍ രാജേന്ദ്ര ഷെഖാവത്ത് അറിയിച്ചു. ഹിന്ദു പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട്​ ശനിയാഴ്ച വൈകുന്നേരം ഹിന്ദുത്വ സംഘടനകള്‍ നടത്തിയ റാലിക്കിടെ ഉണ്ടായ സങ്കർഷമാണ് കരൗലിയില്‍ വര്‍ഗീയ​ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.

അതേസമയം 10, +2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയായതിനാൽ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ കാണിച്ചാല്‍ പരീക്ഷകേന്ദ്രങ്ങളിലെത്താനുള്ള ക്രമീകരണങ്ങള്‍ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ആളുകള്‍ക്ക് രണ്ട് മണിക്കൂര്‍ ഇളവു നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കരൗലിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 46 പേരെ അറസ്റ്റ് ചെയ്യുകയും ഏഴ് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതായി ഭരത്പൂര്‍ ഇന്‍സ്പെക്ടര്‍ പ്രഷന്‍ കുമാര്‍ ഖമേസ്ര പറഞ്ഞു. കര്‍ഫ്യൂ ഉത്തരവ് ലംഘിച്ചതിന് 33 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പട്രോളിംഗ് ടീമുകള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.