വിന്റേജ് കാർ പ്രേമികൾക്കൊരു സന്തോഷവാർത്ത

ഈ ഹോം മെയ്ഡ് ഇലക്ട്രിക് വന്റേജ് പതിപ്പ് നിങ്ങൾക്ക് ഇഷ്ടപ്പെടും

വിന്റേജ് കാർ പ്രേമികൾക്കൊരു സന്തോഷവാർത്ത

വിന്റേജ് കാറുകളോട് ഇഷ്ടമില്ലാത്തവർ തീരെ ഉണ്ടാവില്ല. എന്നാൽ വിന്റേജുകളുടെ പകർപ്പുകളായി അടുത്തിടെ ഇറങ്ങിയ പല കാറുകളും പ്രൊഡക്ഷനിലുള്ള പല മോഡലുകളുടേയും സ്കെയിൽ ഡൗൺ പതിപ്പുകളും, കുട്ടികൾക്കായിട്ടുള്ള കളിപ്പാട്ടങ്ങളും ആയിരുന്നു. എന്നാൽ ഇതാ ഒരു ഹോം മെയ്ഡ് ഇലക്ട്രിക് വന്റേജ് പതിപ്പ് വിപണിയിൽ എത്തിയിരിക്കുന്നു. മാരുതി ആൾട്ടോ 800, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയുടെ ഭാഗങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ കാറിന്റെ പ്രത്യേകത.

കണ്ട് നിർവൃതിയടയാം എന്നതിലൊതുങ്ങാതെ യഥാർഥത്തിൽ വാങ്ങാൻ കഴിയുന്ന ഒരു ഹോംമെയ്ഡ് ഇലക്ട്രിക് കാറാണ് ഇത്. സിർസയിൽ നിന്നുള്ള ഗ്രീൻ മാസ്റ്ററാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. ലോകത്തിന്റെ ഏതു കോണിൽ നിന്നും ഈ വാഹനം വാങ്ങാൻ കഴിയും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. മാത്രമല്ല ആഗോളതലത്തിൽ എവിടെയും കയറ്റി അയക്കാമെന്ന് നിർമ്മാതാക്കൾ ഉറപ്പുനൽകുന്നു. 

കാറിന്റെ നിർമിതിയിൽ ആൾട്ടോ, റോയൽ എൻഫീൽഡ് എന്നിവയുടെ ഭാഗങ്ങൾ നിർമ്മാതാക്കൾ ഉപയോഗിച്ചിട്ടുണ്ട്. ഇവയുടെ ഭാഗങ്ങൾ എല്ലായിടത്തും എളുപ്പത്തിൽ ലഭ്യമാണ് എന്നതു തന്നെയാണ് ഇതിന് പിന്നിലെ കാരണം. റോയൽ എൻഫീൽഡിന്റെ താക്കോലാണ് കാറിന് ലഭിക്കുന്നത്.

മുൻവശത്ത് എൽഇഡി ഹെഡ്‌ലാമ്പുകൾ നൽകിയിരിക്കുന്നു. ഇവ അടിസ്ഥാനപരമായി ആഫ്റ്റർ മാർക്കറ്റ് ഓക്സിലറി ലൈറ്റുകളാണ്. മാത്രമല്ല റോയൽ എൻഫീൽഡ് ബുള്ളറ്റിൽ നിന്ന് കടമെടുത്ത പൈലറ്റ് ലൈറ്റുകളും ഇതിലുണ്ട്. എന്നാൽ ഹാലജൻ യൂണിറ്റുകൾക്ക് പകരം എൽഇഡികൾ ഘടിപ്പിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. റിയർവ്യൂ മിററുകളും റോയൽ എൻഫീൽഡിൽ നിന്നാണ് എടുത്തിരിക്കുന്നത്.

ക്രോമിൽ പൂർത്തിയാക്കിയ ഓവൽ മെഷ് പാറ്റേണുള്ള ഫ്രണ്ട് ഗ്രില്ലാണ് വാഹനത്തിന്റെ പ്രൗഢി. വശങ്ങളിലായി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിലെ ആഫ്റ്റർ മാർക്കറ്റ് 19 ഇഞ്ച് അലോയി വീലുകളാണ് പ്രധാന ഹൈലൈറ്റ്. ടയറിന്റെ വലുപ്പവും മോട്ടോർസൈക്കിളിന് തുല്യമാണ്.  അതായത് 110/90 R19 ആണ് അളവ്. ബോഡിയുടെ വശങ്ങളിലായി രണ്ട് കപ്പ് ഹോൾഡറുകളും സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ ഡിസൈനിൽ നിർമ്മാതാക്കൾ പേറ്റന്റും നേടിയിട്ടുണ്ട്.

സ്പെയർ ടയറിന്റെ മധ്യഭാഗത്തായാണ് നമ്പർ പ്ലേറ്റ് സ്ഥാപിച്ചിരിക്കുന്നത്. പിന്നിലെ ടെയിൽ ലാമ്പുകളും ബുള്ളറ്റിന്റെ തന്നെ. ദൂരെ നിന്ന് ആന്റിന പോലെ തോന്നിക്കുന്ന ഒരു പൈപ്പ് വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്നു. ഇതൊരു ഫ്ലാഗ് ബേററായി ഉപയോഗിക്കാം. ബൂട്ടായി ഫംഗ്ഷൻ ചെയ്യാൻ കഴിയുന്ന ഒരു ട്രങ്ക് വാഹനത്തിന്റെ പിൻഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സാധനങ്ങൾ അതിൽ സൂക്ഷിക്കാം എന്നതു തന്നെയാണ് സവിശേഷത. ഇതിന്റെ കപ്പാസിറ്റി 70 ലിറ്റർ ആണ്.

വാഹനത്തിൽ രണ്ട് സീറ്റർ കോൺഫിഗറേഷൻ ലഭിക്കുന്നു. നാല് സീറ്റുകളുള്ള കോൺഫിഗറേഷനിലും കാർ ലഭ്യമാണ്. ഫോർ സീറ്റർ മോഡലിൽ പിൻ സീറ്റുകൾ ഓപ്പൊസിറ്റ് ഫേസിംഗാണ്. കൂടാതെ സീറ്റിനടിയിൽ സ്റ്റോറേജ് സ്പേസും ഉണ്ട്.
നാല് സീറ്റർ പതിപ്പിൽ സ്പെയർ വീലില്ല എന്നതും ശ്രദ്ധേയമാണ്. പിന്നിൽ ഡ്രം ബ്രേക്കുകളാണ് വാഹനത്തിൽ വരുന്നത്. 400 mm ഗ്രൗണ്ട് ക്ലിയറൻസാണ് ഇവക്കുള്ളത് എന്നതാണ് രസകരമായ മറ്റൊരു കാര്യം.

എക്സ്റ്റീരിയറിന് ശേഷം വാഹനത്തിന്റെ ഇന്റീരിയറിലേക്ക് നോക്കുമ്പോൾ മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ഇതിൽ വരുന്നത്. വാഹനത്തിന്റെ ഡ്രൈവ് മോഡ് മാറ്റുകയും ഹെഡ്‌ലാമ്പ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുന്ന ഒരു സൈഡ് സ്റ്റോക്കിലാണ് ഇവിയുടെ ഹോൺ സ്ഥാപിച്ചിരിക്കുന്നത്.
ബാറ്ററിയുടെ ശതമാനം അനലോഗ് രൂപത്തിൽ കാണിക്കുന്ന ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്, വോൾട്ടേജും സ്പീഡോമീറ്ററും കാണിക്കുന്ന ഡിജിറ്റൽ റീഡൗട്ടും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. മാനുവൽ പാർക്കിംഗ് ബ്രേക്കാണ് ഇലക്ട്രിക് വാഹനത്തിൽ സെറ്റ് ചെയ്തിരിക്കുന്നത്.

മെയിൻ പവർ ഓണാക്കാനോ ഓഫാക്കാനോ ഡാഷ്‌ബോർഡിന് കീഴിൽ ഒരു MCB സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ മോട്ടോർ 1200 വാട്ട് ശേഷിയുള്ളതാണ്ഇ. ത് പിൻ വീലുകളിലേക്ക് മാത്രം പവർ എത്തിക്കുന്നു. മോട്ടോർ 1.5 bhp പവറും 2.2 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.
എന്നാൽ വാഹനത്തിന്റെ ഭാരം 280 കിലോഗ്രാം മാത്രമാണ്. എന്നാൽ ഈ വാഹനം റോഡിൽ നിയമപരമായി ഉപയോഗിക്കാൻ ആവില്ലെന്ന് നിർമാതാക്കൾ പറയുന്നു. 1.45 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.