എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷ; അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല .
അവസാനവര്‍ഷ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ഈ ഹൈകോടതി നടപടി.

എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. അതേസമയം ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ ആരോഗ്യ സര്‍വകലാശാലയോട് ജസ്റ്റിസ് രാജ വിജയരാഘവന് നിര്‍ദേശിച്ചു.
വ്യാഴാഴ്ച നടന്ന ആദ്യ പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ടൈം ടേബിളില്‍ മാറ്റംവരുത്തണമോ എന്നതില്‍ തീരുമാനമെടുക്കാമെന്നായിരുന്നു യൂണിവേഴ്സിറ്റി നേരത്തെ അറിയിച്ചിരുന്നത്.വ്യാഴാഴ്ച നടന്ന പരീക്ഷ വിദ്യാര്‍ഥികളില്‍ 74.04 ശതമാനവും എഴുതിയിട്ടില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് അറിയിച്ചു. എന്നാല്‍, പരീക്ഷ മാറ്റിവയ്ക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു യൂണിവേഴ്സിറ്റി പ്രതികരിച്ചത്.
തുടര്‍ന്നാണ് പ്രായോഗിക പരിശീലനം നല്കുന്ന കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചത്. ബോര്‍ഡ് ഓഫ് എക്സാമിനേഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് യൂണിവേഴ്സിറ്റി അഭിഭാഷകന് വിശദീകരിച്ചു. തുടര്‍ന്നാണ്, ഇക്കാര്യത്തില്‍ ഒരു മാസത്തിനകം തീരുമാനം അറിയിക്കാന്‍ നിര്‍ദേശിച്ചത്. പ്രായോഗികപരിശീലനം ഇല്ലാതെ പരീക്ഷ നടത്താനാകില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവുള്ളതും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പാഠ്യപദ്ധതിപ്രകാരമുള്ള പരിശീലനം പൂര്‍ത്തിയാക്കാത്തതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, തിയറി ക്ലാസുകള്‍, പ്രാക്ടിക്കല്‍, ക്ലിനിക്കല്‍ പോസ്റ്റിങ്, സെമിനാറുകള്‍ ഉള്‍പ്പെടെ ആവശ്യത്തിനുള്ള പരിശീലനം നല്കാന് കോളജുകള്‍ക്ക് കഴിഞ്ഞില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.പരീക്ഷ മാറ്റിവയ്കണമെന്ന ആവശ്യത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെടാത്തതിനെതിരേ വിദ്യാര്‍ഥികള്‍ അപ്പീല്‍ നല്‍കും.