പ്രതികാരം തീർക്കാൻ ഡല്‍ഹിയില്‍ 13കാരന് എട്ടുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
ഏതാനും ദിവസം മുന്‍പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു

ഡല്‍ഹിയിലെ രോഹിണിയില്‍ എട്ടു വയസ്സുകാരനെ കൂട്ടുകാരനായ പതിമൂന്നുകാരന് മര്‍ദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
ഏതാനും ദിവസം മുന്‍പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് എട്ടുവയസ്സുകാരനെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കുന്നത്. വീടിനു പുറത്ത് കൂട്ടുകാരനൊപ്പം കളിച്ചുകൊണ്ടുനില്ക്കുന്ന കുട്ടിയെയാണ് അവസാനമായി കണ്ടത്. പോലീസിന്റെ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പതിമൂന്നുകാരനെ ചോദ്യം ചെയ്തതോടെയാണ് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി സമ്മതിച്ചത്.
കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കല്ലുകൊണ്ട് ഇടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് കൗമാരക്കാരന് അറിയിച്ചു. മൃതദേഹവും ഫോണും കാട്ടില്‍ തന്നെ ഒളിപ്പിക്കുകയായിരുന്നു. വഴക്കിന്റെ പേരില്‍ കുട്ടിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് മാത്രമാണ് കൗമാരക്കാരന് ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ കൊല്ലപ്പെട്ടതോടെ അയാള്‍ ഭയന്ന ഓടിപ്പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൗമാരക്കാരനെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ കുറച്ച് പണവും സാധനങ്ങളും മോഷണം പോയിരുന്നു. ഇതിന്റെ പേരില്‍ കുട്ടി കൂട്ടുകാരനെ കളിയാക്കിയിരുന്നു. ഇതേചൊല്ലിയാണ് ഇരുവരും വഴക്കിട്ടതും പ്രതികാരം തീര്‍ക്കാന്‍ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരാണ് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍.