ആശാൻ ബ്ലാസ്റ്റേഴ്സിനൊപ്പം കാണും 

ഇവാൻ വുകുമനോവിച്ച് 2025വരെയുള്ള കരാറിൽ ഒപ്പുവെച്ചു

ആശാൻ ബ്ലാസ്റ്റേഴ്സിനൊപ്പം കാണും 

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഹെഡ് കോച്ചായി ഇവാൻ വുകോമാനോവിച്ച് 2025വരെ ക്ലബിൽ തുടരും. ഇവാൻ വുകൊമാനോവിച് 3 വർഷത്തെ പുതിയ ക്രാർ ഒപ്പുവെച്ചതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചു. മഞ്ഞപ്പടയുടെ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. തന്റെ ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ ഐ.എസ്.എൽ ഫൈനൽ വരെ എത്തിക്കാൻ ഇവാനായിരുന്നു. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, ഏറ്റവും കൂടുതൽ പോയിന്റ് എന്നിങ്ങനെ പല റെക്കോർഡും ഇവാൻ ആദ്യ സീസണിൽ സ്വന്തമാക്കിയിരുന്നു.

ഇന്ന് ഒരു ഔദ്യോഗിക വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇവാന്റെ പുതിയ കരാറ്റ് പ്രഖ്യാപിച്ചത്. ഇവാന്റെ കീഴിൽ പ്ലേ ഓഫിൽ എത്താനും അവിടെ നിന്ന് ഫൈനൽ വരെ എത്താനും ബ്ലാസ്റ്റേഴ്സിനായിരുന്നു. ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കിരീടം കൈവിട്ടത്. ബ്ലാസ്റ്റേഴ്സിനൊപ്പം ദീർഘകാല ലക്ഷ്യമാണെന്നു പറഞ്ഞിരുന്ന ഇവാൻ ഈ ദീർഘകാല കരാറിലൂടെ ടീമിനും ആരാധകർക്കും ശുഭ പ്രതീക്ഷ നൽകുന്നു.

ആദ്യ സീസണിൽ ഹോർമിപാമിനെ പോലെ യുവതാരങ്ങളെ വളർത്തിയെടുക്കാനും ഒപ്പം സഹലിനെ പോലുള്ള താരങ്ങളെ അവരുടെ മികവിലേക്ക് ഉയർത്താനും ഇവാനായിരുന്നു. അടുത്ത സീസണിൽ കൊച്ചിയിൽ ആരാധകർക്ക് മുന്നിലാകും ഇവാന്റെ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.