പാർലിമെന്റ് പിരിച്ചുവിട്ട് പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക്; പ്രതിപക്ഷം സുപ്രീം കോടതിയിൽ

പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടതിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

പാർലിമെന്റ് പിരിച്ചുവിട്ട് പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക്; പ്രതിപക്ഷം സുപ്രീം കോടതിയിൽ

പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിർദേശം. ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടും.  തിരഞ്ഞെടുപ്പ് വരെ കാവല്‍ പ്രധാനമന്ത്രിയായി താന്‍ ഇമ്രാൻ ഖാന്‍ തുടരും. തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ അദ്ദേഹം ജനത്തോട് ആഹ്വാനം ചെയ്തു. അതേസമയം പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടതിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 

പാകിസ്താനില്‍ ദേശിയ അസംബ്ലി പിരിച്ച്‌ വിട്ടതോടെ അടുത്ത നടപടി എന്തെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. അവിശ്വാസ വോട്ടെടുപ്പിന് മുന്നേ സഭ പിരിച്ച്‌ വിട്ടെങ്കിലും ഇമ്രാന്‍ഖാന് വരാനിരിക്കുന്നത് കനത്ത പരീക്ഷണങ്ങളുടെ നാളുകളാണ്. തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി അനുവദിച്ചാല്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും കൂറുമാറാന്‍ ഉണ്ടായ സാഹചര്യം ജനത്തെ ബോധ്യപ്പെടുത്തേണ്ടിവരും. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുമടക്കം മറികടക്കാനുള്ള തന്ത്രങ്ങള്‍ എന്തെന്ന് ജനങ്ങളോട് വിശദീകരിക്കണം, തുടങ്ങിയ കടുത്ത വെല്ലുവിളികളാണ് ഇമ്രാനെ കാത്തിരിക്കുന്നത്.90 ദിവസത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇമ്രാന്‍റെ ആവശ്യം.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും പണപ്പെരുപ്പവുമാണ് ഇമ്രാന്‍റെ ജനപ്രീതിയിടിച്ച പ്രധാന കാരണങ്ങള്‍. അവിശ്വാസ നീക്കം തള്ളിയതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ ഇമ്രാന്‍ പുതിയ തെരഞ്ഞെടുപ്പിനായി രാജ്യം തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു. പാകിസ്താന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ദിനത്തില്‍ കോടതി പൊതുതെരഞ്ഞെടുപ്പ് വേണമെന്നാണോ പറയുക എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

തനിക്കെതിരെ വിദേശ അജന്‍ഡ നടന്നെങ്കിലും അതിനെ തോല്‍പ്പിക്കാനായെന്ന് ഇമ്രാൻ പറഞ്ഞു. അസംബ്ലിയില്‍ വോട്ടെടുപ്പ് അനുവദിക്കാത്തതിലൂടെ ഭരണഘടനാ തത്വങ്ങള്‍ ഉര്‍ത്തിപ്പിടിക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് കഴിഞ്ഞതായും ഇമ്രാൻ അഭിപ്രായപ്പെട്ടു. ഇമ്രാൻ ഖാനെ പുറത്താക്കാനുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വോട്ടെടുപ്പ് അനുവദിച്ചില്ല. നാടകീയ രംഗങ്ങളാണ് വോട്ടെടുപ്പ് ദിനം പാക് അസംബ്ലിയില്‍ നടന്നടത്. വോട്ടെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സ്പീക്കര്‍ക്കെതിരേയും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ സ്പീക്കര്‍ മാറിനിന്ന് ഡെപ്യൂട്ടി സ്പീക്കര്‍ സഭാ നടത്തിപ്പിന് നേതൃത്വം നല്‍കുകയായിരുന്നു. ഇമ്രാനെ എതിര്‍ക്കുന്ന പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങളെല്ലാം സഭയിലെത്തിയിരുന്നു. വോട്ടെടുപ്പിനായി ഇവര്‍ ബഹളംവെച്ചു. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ വോട്ടെടുപ്പ് നടത്തില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഭ ഇന്ന് പിരിഞ്ഞതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. 

പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിക്ക് മുമ്പില്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്തിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് അനുവദിക്കാതിരുന്ന നടപടിക്കെതിരെ സൈന്യം എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മറ്റൊരു സൈനിക അട്ടിമറിയിലേക്ക് പാക്കിസ്ഥാന്‍ പോകുമോയെന്ന ആശങ്കയും ശക്തമാണ്.