രാജസ്ഥാന് റോയൽ ചലഞ്ച്

സഞ്ജുവിന് ആദ്യ തോൽവി സമ്മാനിച്ച് റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂർ

രാജസ്ഥാന് റോയൽ ചലഞ്ച്

വമ്പൻമാർക്കും അടിപതറും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 87 ന് 5 എന്ന നിലയിലേക്ക് തള്ളിയിട്ട് വിജയം ഉറപ്പിച്ച രാജസ്ഥാൻ റോയൽസിനെ ഞെട്ടിച്ച് ദിനേശ് കാർത്തിക്കും ഷഹ്ബാസ് അഹമ്മദും. ഇരുവരുടെയും തട്ടുപൊളിപ്പൻ ബാറ്റിംഗിന്റെ ബലത്തിലാണ് ബാം​ഗ്ലൂർ  വിജയം നേടിയത്. ഇതോടെ രാജസ്ഥാന് സീസണിലെ ആദ്യ തോൽവി കൂടി ആർസിബി സമ്മാനിക്കുകയായിരുന്നു.

ഫാഫ് ഡു പ്ലെസിയും അനുജ് റാവത്തും കരുതലോടെ തുടങ്ങിയ മത്സരത്തിൽ ബാംഗ്ലൂർ ഒന്നാം വിക്കറ്റിൽ നേടിയത് 55 റൺസാണ്. എന്നാൽ 29 റൺസ് നേടിയ ഫാഫിനെ പുറത്താക്കി ചഹാൽ കൂട്ടുകെട്ട് തകർക്കുകയായിരുന്നു.
അടുത്ത ഓവറിൽ 26 റൺസ് നേടിയ റാവത്തിനെ കൂടി സൈനി മടക്കിയയച്ചതും വിരാട് കോഹ്‍ലി റണ്ണൗട്ട് രൂപത്തിലും പുറത്തായതും ബാം​ഗ്ലൂരിന് തിരിച്ചടിയായി. 62/4 എന്ന നിലയിലേക്ക് ബാംഗ്ലൂർ വീണപ്പോൾ മത്സരം രാജസ്ഥാൻ സ്വന്തമാക്കുമെന്നാണ് കരുതിയത്.

എന്നാൽ നവ്ദീപ് സൈനി എറിഞ്ഞ 12ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 15 റൺസ് നേടി ഷഹ്ബാസ് അഹമ്മദാണ് ആർസിബി ക്യാമ്പിന് പ്രതീക്ഷ നൽകിയത്. രവിചന്ദ്രൻ അശ്വിനെറിഞ്ഞ 14ാം ഓവറിൽ ദിനേശശ് കാർത്തിക് റൺ മഴ തീർത്തപ്പോൾ 21 റൺസ് കൂടി റോയൽ ചലഞ്ചേഴ്സ് സ്കോർ ബോർഡിലേക്ക് ചേർത്തു.
നവ്ദീപ് സൈനിയുടെ അടുത്ത ഓവറിൽ 16 റൺസ് കൂടി പിറന്നപ്പോൾ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ 13 റണ്ണും കയറിക്കൂടി. എന്നാൽ ചഹാൽ വെറും 4 റൺസ് വിട്ട് കൊടുത്ത് മികച്ച സ്പെൽ പൂർത്തിയാക്കി.

ബോൾട്ട് 45 റൺസ് നേടിയ ഷഹ്ബാസിനെ പുറത്താക്കിയെങ്കിലും അതിന് മുമ്പ് തന്നെ ഒരു സിക്സും ഫോറും നേടിയ ഓവറിൽ നിന്ന് 13 റൺസ് വന്നു. 67 റൺസാണ് ഷഹ്ബാസ് – കാർത്തിക് കൂട്ടുകെട്ട് നേടിയത്. അതോടെ രണ്ടോവറിൽ 15 റൺസായിരുന്നു ആർസിബിയ്ക്ക് വിജയത്തിനായി ബാക്കിയുണ്ടായിരുന്നത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ 12 റൺസ് പിറന്നപ്പോൾ അവസാന ഓവറിൽ 3 റൺസായിരുന്നു ആർസിബിയുടെ വിജയ ലക്ഷ്യം. യശസ്വി ജൈസ്വാളിനെ ആദ്യ പന്തിൽ സിക്സർ പറത്തി ഹർഷൽ പട്ടേൽ 5 പന്ത് ബാക്കി നിൽക്കവെ ആർസിബിയെ വിജയത്തിലേക്ക് നയിച്ചു. ദിനേശ് കാർത്തിക് 23 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്നു.